പൂരം കലക്കൽ :റിപ്പോർട്ടിൽ പ്രതികരിക്കാതെ തിരുവമ്പാടി

തൃശൂർ : പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലെ നിക്ഷിപ്ത താത്പര്യക്കാരാണെന്ന എ.ഡി.ജി.പിയുടെ റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാൻ ദേവസ്വം ഭാരവാഹികൾ തയ്യാറായില്ല. കൂടിയാലോചനകൾക്ക് ശേഷമേ പ്രതികരിക്കൂവെന്ന് ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ പറഞ്ഞു. ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ച ദിവസം തന്നെ അതിലെ നിഗമനങ്ങൾ അംഗീകരിക്കില്ലെന്ന് തിരുവമ്പാടി വിഭാഗം വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഇന്നലെയാണ് ദേവസ്വത്തിനെതിരെയുള്ള റിപ്പോർട്ടിലെ ആക്ഷേപങ്ങൾ പുറത്തുവന്നത്. ഇതോടെ, കരുതലോടെ മതി പ്രതികരണമെന്ന നിലപാടിലേക്ക് ദേവസ്വം മാറി. അനുനയത്തിന് വഴങ്ങാതെ പൂരം പിരിച്ചുവിട്ടതായി തിരുവമ്പാടി ദേവസ്വം ഏകപക്ഷീയമായി പ്രഖ്യാപിച്ചതായും ഇത് പാർലമെന്റ് തിരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ട് ആരെയെങ്കിലും സഹായിക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സുരേഷ് ഗോപിയെ വിളിച്ചത് ദേവസ്വം ഭാരവാഹികളാണെന്ന് ചൂണ്ടിക്കാട്ടുകയും തെളിവായി ടെലിഫോൺ രേഖകൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. വിഷയം ഉണ്ടായപ്പോൾ വ്യത്യസ്ത രാഷ്ടീയപാർട്ടിയിൽപ്പെട്ട കമ്മിറ്റിക്കാർ തങ്ങളുടെ നേതാക്കളെ വിളിച്ചിട്ടുണ്ടാകാമെന്നാണ് ദേവസ്വത്തിലെ ചിലരുടെ അനൗദ്യോഗിക വിശദീകരണം.

ആരുടെയും പേരെടുത്ത് പറയാതെയാണ് എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന്റെ റിപ്പോർട്ട്. തിരുവമ്പാടി ദേവസ്വത്തെ വിമർശിക്കുന്ന റിപ്പോർട്ടിൽ, പാറമേക്കാവ് ദേവസ്വത്തിനെതിരെ പരാമർശമില്ല. രാത്രി പന്ത്രണ്ടരയ്ക്ക് ബാരിക്കേഡ് സ്ഥാപിച്ചശേഷമാണ് പൊലീസുമായി പ്രശ്‌നമുണ്ടാകുന്നത്. പിന്നാലെ ഡി.ഐ.ജി ഉൾപ്പെടെയെത്തി അനുനയ ചർച്ച നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.


Source link
Exit mobile version