വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിന് മിനിമം നിരക്ക് 2500 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലൻസുകളുടെ സേവനത്തിന് താരീഫും നിരക്കും നിശ്ചയിച്ച് ഗതാഗത വകുപ്പ്. സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ചായി തിരിച്ചാണ് താരീഫ് . നിരക്കുകൾ ആംബുലൻസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും. ഇത് സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക വാട്ട്സാപ്പ് നമ്പറും ഏർപ്പെടുത്തും. ഗതാഗത കമ്മീഷണർ ഉത്തരവിറക്കുന്നതോടെ താരീഫ് പ്രാബല്യത്തിൽ വരും.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ആംബുലൻസുകൾക്ക് നിരക്ക് നിശ്ചയിക്കുന്നതെന്ന് മന്ത്രി കെ.ബി.ഗണേശ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആംബുലൻസുകളുടെ ദുരുപയോഗം തടയുന്നതിന് ഡ്രൈവർമാർക്ക് യൂണിഫോം ഏർപ്പെടുത്തി.നേവി ബ്ലൂ നിറത്തിലെ ഷർട്ടും ബ്ലാക്ക് പാന്റുമാണ് യൂണിഫോം. ഐ.ഡി കാർഡും ഏർപ്പെടുത്തും.
മിനിമം ചാർജ് ദൂരം 10 കിലോമീറ്റർ, അതും റിട്ടേണടക്കം എല്ലാ വിഭാഗം ആംബുലൻസുകൾക്കും പത്ത് കിലോമീറ്ററാണ് മിനിമം ചാർജ് ബാധകമായ ദൂരപരിധി. സ്‌പോട്ടിൽ നിന്ന് ആശുപത്രിയിലേക്കും തിരിച്ചുമുള്ള ദൂരമാണ് ഈ പരിധിയായി കണക്കാക്കുക.
മറ്റ് വാഹനങ്ങളെ പോലെ ആംബുലൻസുകൾക്ക് റിട്ടേൺ ഓട്ടം കിട്ടാത്തത് പരിഗണിച്ചാണ് മിനിമം ദൂരപരിധിയിൽ റിട്ടേണും ഉൾപ്പെടുത്തിയത്. ഉദാഹരണത്തിന് സ്‌പോട്ടിൽ നിന്ന് ആശുപത്രിയിലേക്ക് ആറ് കിലോമീറ്റർ ആണ് ദൂരമെങ്കിൽ, റിട്ടേൺ കൂടി കണക്കാക്കുമ്പോൾ ആകെ ദൂരം 12 കിലോമീറ്റാവും. മിനിമം പരിധിയായ 10 നെക്കാൾ രണ്ട് കിലോമീറ്റർ അധികം. ഈ രണ്ട് കിലോമീറ്ററിന് അതാത് വിഭാഗത്തിന് നിശ്ചയിച്ചിട്ടുള്ള കിലോമീറ്റർ ചാർജ് ബാധകമായിരിക്കും. വെയിറ്റിംഗ് ചാർജ് ആദ്യത്തെ ഒരു മണിക്കൂറിൽ സൗജന്യമാണ്
ആംബുലൻസ്
നിരക്കുകൾ :
□ഡി :ഐ.സി.യു, വെന്റിലേറ്റർ സൗകര്യവും എ.സിയും ടെക്നീഷ്യനും ആരോഗ്യപ്രവർത്തകരുമുള്ള ട്രാവലറുകൾ. മിനിമം ചാർജ് 2500 രൂപ. കിലോമീറ്റർ നിരക്ക് 50 രൂപ. വെയിറ്റിംഗ് ചാർജ് 350രൂപ/മണിക്കൂർ.
□സി:വെന്റിലേറ്ററുകളില്ലാത്ത എ.സി, ഒക്സിജൻ സൗകര്യങ്ങളുള്ള ട്രാവലറുകൾ. മിനിമം1500 രൂപ. കി.മീനിരക്ക് 40 രൂപ വീതം. വെയിറ്റിംഗ് ചാർജ് 200രൂപ/മണിക്കൂർ.
□ബി :എ.സിയില്ലാത്ത ട്രാവലറുകൾ. മിനിമം ചാർജ് 1000രൂപ. കി.മീനിരക്ക് 30 രൂപ വീതം. വെയിറ്റിംഗ് ചാർജ് 200രൂപ/മണിക്കൂർ.
□എ (എ.സി):ഓമ്നി, ബൊലീറോ, ഈകോ വിഭാഗത്തിലുള്ള എ.സി വാഹനങ്ങൾ. മിനിമം ചാർജ് 800രൂപ. കി.മീനിരക്ക് 25 രൂപ വെയിറ്റിംഗ് ചാർജ് 200രൂപ/മണിക്കൂർ.
□എ (നോൺ എ.സി):ഓമ്നി, ബൊലീറോ, ഈകോ വിഭാഗത്തിലുള്ള എ.സിയില്ലാത്ത വാഹനങ്ങൾ. മിനിമം 600 കി.മീനിരക്ക് 20 രൂപ വെയിറ്റിംഗ് ചാർജ് 150രൂപ/മണിക്കൂർ.
ഇളവുകൾ
□ഡി കാറ്റഗറി ആംബുലൻസുകളിൽ ബി.പി.എൽ വിഭാഗങ്ങൾക്ക് ആകെ നിരക്കിന്റെ 20 ശതമാനം ഇളവ് .
□എല്ലാ വിഭാഗം ആംബുലൻസുകളിലും ക്യാൻസർ രോഗികൾക്കും 12 വയസിന് താഴെയുള്ള കുട്ടികൾക്കും കിലോമീറ്ററിന് രണ്ട് രൂപ കുറവ് .
□അപകടങ്ങളിൽപ്പെട്ടവരെ തൊട്ടടുത്ത ആശുപത്രിയിൽ സൗജന്യമായി എത്തിക്കും
Source link