@അന്നയുടെ മരണം ഇ.വൈയ്ക്ക് രജിസ്ട്രേഷനില്ല: മഹാരാഷ്ട്ര

മുംബയ്: ജോലി സമ്മർദ്ദം മൂലം വൈക്കം സ്വദേശി അന്ന സെബാസ്റ്റ്യൻ മരിക്കാനിടയായ സംഭവത്തിന് പിന്നാലെ ഇ.വൈ കമ്പനിക്ക് രജിസ്ട്രേഷൻ ഇല്ലെന്ന് റിപ്പോർട്ട്. 2007 മുതൽ മഹാരാഷ്ട്ര സർക്കാരിന്റെ അനുമതി ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
പൂനെയിലെ കമ്പനിയിൽ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയെന്നും ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷൻ കമ്പനിക്ക് ഇല്ലെന്ന് വ്യക്തമായതായും മഹാരാഷ്ട്ര അഡിഷണൽ ലേബർ കമ്മിഷണർ ശൈലേന്ദ്ര പോൾ പറഞ്ഞു. 2024 ഫെബ്രുവരിയിലാണ് കമ്പനി രജിസ്ട്രേഷനായി തൊഴിൽ വകുപ്പിന് അപേക്ഷ നൽകിയത്. എന്നാൽ, 2007 മുതൽ രജിസ്ട്രേഷൻ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇത് നിരസിക്കുകയായിരുന്നു. രജിസ്ട്രേഷൻ അപേക്ഷ വൈകിയതിൽ കാരണം വിശദീകരിക്കാൻ കമ്പനിക്ക് ഏഴ് ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഇ.വൈ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.
Source link