KERALAM

പൊതുമാപ്പ്: യു.എ.ഇയിൽ ഇളവുകൾ

ന്യൂഡൽഹി: സെപ്‌തംബർ ഒന്നിന് ആരംഭിച്ച രണ്ടുമാസത്തെ പൊതുമാപ്പിൽ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ.

ഔട്ട് പാസ് ലഭിച്ചവരെ പുതിയ വിസ എടുക്കാനും പുതിയ ജോലിയിൽ പ്രവേശിക്കാനും മറ്റുമായി പൊതുമാപ്പ് അവസാനിക്കുന്ന ഒക്‌ടോബർ 31വരെ രാജ്യത്ത് തുടരാൻ അനുവദിക്കും. ഔട്ട് പാസ് ലഭിച്ച് 14 ദിവസത്തിനകം രാജ്യം വിടണം എന്നായിരുന്നു ആദ്യ ഉത്തരവ്. പുതിയ വിസയെടുക്കാൻ കൂടുതൽ സമയം അനുവദിച്ചിരുന്നില്ല. പുതിയ വിസയിൽ പുതിയ ജോലി ലഭിച്ചവർക്ക് ഏകജാലക സംവിധാനമായ ആമർ വഴി ഔട്ട് പാസ് റദ്ദാക്കാം.

ഒക്‌ടോബർ 31ന് ശേഷം പൊതുമാപ്പ് നീട്ടാനിടയില്ലെന്ന് യു.എ.ഇ ഭരണകൂടം അറിയിച്ചു. 19,000 പേർ പൊതുമാപ്പിന് അപേക്ഷിച്ചു.

ടൂറിസ്റ്റ് വിസകൾ, കാലഹരണപ്പെട്ട റെസിഡൻസി വിസകൾ എന്നിവയുമായി രാജ്യത്ത് തുടരുന്നവർക്കും രേഖകളിലല്ലാതെ കഴിയുന്നവർക്കും സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർക്കും പൊതുമാപ്പിന് അപേക്ഷിക്കാം. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർക്ക് പൊതുമാപ്പിന് അർഹതയില്ല. പൊതുമാപ്പ് ലഭിച്ച സാമ്പത്തിക ശേഷിയില്ലാത്തവർക്ക് രാജ്യം വിടാൻ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ലഭ്യമാക്കും.


Source link

Related Articles

Back to top button