ശ്രീലക്ഷ്മി മണികണ്ഠൻ | Wednesday 25 September, 2024 | 1:44 AM
സിൻവാറിനെ ജീവനോടെയോ അല്ലാതെയോ പിടിക്കുമെന്ന് ശപഥം ചെയ്തിരിക്കുകയാണ് ഇസ്രയേൽ. ഒരുപക്ഷേ, ഇയാളെ കിട്ടിയാൽ ഗാസയിൽ വെടിനിറുത്തലിന് വരെ ഇസ്രയേൽ തയ്യാറായേക്കും. പക്ഷേ, സിൻവാർ എവിടെ ? ഒരു വിശകലനം
യഹ്യാ സിൻവാർ….കഴിഞ്ഞ ഒക്ടോബർ ഏഴിന് ഗാസയിൽ യുദ്ധം തുടങ്ങിയത് മുതൽ കേൾക്കുന്നതാണ് ഈ 61കാരന്റെ പേര്. ചില്ലറക്കാരനല്ല സിൻവാർ. യുദ്ധത്തിന്റെ കാരണക്കാരൻ ഇയാളാണ്. അതിർത്തി കടന്ന് ഇസ്രയേലിലേക്ക് നുഴഞ്ഞുകയറി ആയിരത്തിലേറെ പേരുടെ ജീവൻ കവർന്ന ഭീകരാക്രമണത്തിന്റെ മാസ്റ്റർബ്രെയിൻ. ഭീകരാക്രമണത്തിന് പിന്നാലെയാണ് ഗാസയെ ഇസ്രയേൽ ഒന്നൊന്നായി തകർത്ത് തരിപ്പണമാക്കിയത്.
2017 മുതൽ ഗാസയിലെ ഹമാസ് തലവനായിരുന്ന സിൻവാർ ഇന്ന് ഹമാസ് സംഘടനയുടെ പൊളിറ്റിക്കൽ ബ്യൂറോ ചെയർമാനാണ്. അതായത്, ജൂലായ് 31ന് ഇറാൻ മണ്ണിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്‌മയിൽ ഹനിയേയുടെ പകരക്കാരൻ.
ഹമാസിന്റെ അവസാന വാക്ക്. പക്ഷേ, യുദ്ധം തുടങ്ങി ഇതേ വരെ സിൻവാർ പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആകെയുള്ളത് ഇയാളുടേത് എന്ന് കരുതുന്ന ഒരു വീഡിയോ ആണ്. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ ഹമാസ് ഭൂഗർഭ ടണലിൽ നിന്ന് ഇസ്രയേൽ സൈന്യം കണ്ടെത്തിയതാണിത്.സിൻവാറും കുടുംബാംഗങ്ങളും നടന്നുനീങ്ങുന്ന ദൃശ്യം ടണലിലെ ക്യാമറയിൽ പതിയുകയായിരുന്നു. ദൃശ്യത്തിൽ സിൻവാറിന്റെ മുഖം വ്യക്തമല്ല. എന്നാൽ പരുന്തിന്റെ കണ്ണുള്ള ഇസ്രയേലി ചാരൻമാർക്ക് സിൻവാറിനെ നിഴലിൽ നിന്ന് പോലും തിരിച്ചറിയാം.
സിൻവാറിനെ ജീവനോടെയോ അല്ലാതെയോ പിടിക്കുമെന്ന് ശപഥം ചെയ്തിരിക്കുകയാണ് ഇസ്രയേൽ. ഒരുപക്ഷേ, ഇയാളെ കിട്ടിയാൽ ഗാസയിൽ വെടിനിറുത്തലിന് വരെ ഇസ്രയേൽ തയ്യാറായേക്കും. പക്ഷേ, ഇയാൾ എവിടെ ? തെക്കൻ ഗാസയിൽ എവിടെയോ ഒളിവിലെന്നാണ് ഇസ്രയേലിന്റെ നിഗമനം.
അരിച്ചുപെറുക്കി ഓപ്പറേഷൻ തുടരുന്നുണ്ടെങ്കിലും സാധുക്കളായ മനുഷ്യരുടെ ജീവൻ പൊലിയുന്നതല്ലാതെ സിൻവാറിന്റെ ഒരു തുമ്പും കിട്ടിയിട്ടില്ല. ഇതിനിടെ, കഴിഞ്ഞ ദിവസം ഒരു വാർത്ത പുറത്തുവന്നിരുന്നു.സിൻവാർ കൊല്ലപ്പെട്ടോ എന്ന് ഇസ്രയേൽ അന്വേഷിക്കുന്നതായി. ശനിയാഴ്ച ഗാസ സിറ്റിയിൽ അഭയാർത്ഥികൾ തങ്ങിയ സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടോ എന്നാണ് സംശയം.22 പേരാണ് സംഭവത്തിൽ മരിച്ചത്. എന്നാൽ, സിൻവാർ ജീവനോടെയുണ്ടെന്ന് ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് വ്യക്തമാക്കുന്നത് . ഗാസയിലെ മൃതദേഹങ്ങളിൽ ചിലതിൽ ഇസ്രയേൽ സൈന്യം ഡി.എൻ.എ പരിശോധന നടത്തിയെങ്കിലും സിൻവാറിന്റേതല്ലെന്ന് തെളിഞ്ഞിട്ടുണ്ട്.
ഹമാസ് നാടകം ?
ഈ മാസം ആദ്യം, സിൻവാറിന്റെ പേരിലുള്ള രണ്ട് കത്തുകൾ ഹമാസ് ടെലിഗ്രാമിലൂടെ പുറത്തുവിട്ടു. ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതാണ് ഒന്ന്. അൾജീരിയയിൽ അബ്ദുൾ മജീദ് ടെബൗൺ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ അഭിനന്ദിക്കുന്നത് മറ്റൊന്ന്. ഇത് ശരിക്കും ഹമാസിനുള്ളിലെ മറ്റുള്ളവർ തയ്യാറാക്കിയതാണെന്ന് കരുതുന്നു.
ഹമാസ് നേതാവ് മുഹമ്മദ് സിൻവാറിന്റെ സഹോദരനാണ് യഹ്യാ സിൻവാർ . രണ്ട് ഇസ്രയേലി സൈനികരെയും നാല് പാലസ്തീനികളെയും തട്ടിക്കൊണ്ടുപോയി കൊന്നതിന് സിൻവാറിന് ഇസ്രയേൽ നാല് ജീവപര്യന്തം വിധിച്ചു. 22 വർഷത്തെ തടവിന് ശേഷം 2011ൽ പുറത്തിറങ്ങി. ഒരു ഇസ്രയേലി സൈനികനെ വച്ച് ഹമാസ് നടത്തിയ വിലപേശലിനെ തുടർന്നായിരുന്നു മോചനം
Source link