മാർപാപ്പയുടെ ലക്സംബർഗ്, ബെൽജിയം സന്ദർശനം നാളെ മുതൽ
വത്തിക്കാൻ: യൂറോപ്യൻ രാജ്യങ്ങളായ ലക്സംബർഗ്, ബെൽജിയം സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ നാളെ യാത്ര പുറപ്പെടും. രാവിലെ റോമിൽനിന്ന് ആദ്യം ലക്സംബർഗിലേക്കാണു പോകുന്നത്. വിമാനത്താവളത്തിൽ സ്വീകരണച്ചടങ്ങ്, കൊട്ടാരത്തിൽ ലക്സംബർഗിന്റെ തലവൻ ഗ്രാൻ ഡ്യൂക്ക് ഹെൻറിയുമായുള്ള കൂടിക്കാഴ്ച, പ്രധാനമന്ത്രി ലുക് ഫ്രിദെനുമായുള്ള കൂടിക്കാഴ്ച, ഭരണാധികാരികളും പൗരസമൂഹ പ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച എന്നിവ നടക്കും. വൈകുന്നേരം ലക്സംബർഗിലെ നൊത്രെദാം കത്തീഡ്രലിൽ പ്രാദേശിക കത്തോലിക്കാസമൂഹത്തെ സംബോധന ചെയ്യും. തുടർന്ന് മാർപാപ്പ ബൽജിയം തലസ്ഥാനമായ ബ്രസൽസിലേക്കു പോകും. വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങു മാത്രമാണ് അന്നു മാർപാപ്പയുടെ ബ്രസൽസ് സന്ദർശന അജൻഡയിലുള്ളത്. 27ന് ബെൽജിയം രാജാവ് ഫിലിപ്പ്, പ്രധാനമന്ത്രി അലക്സാണ്ടർ ദെ ക്രൂ എന്നിവരുമായും ഭരണാധികാരികളും പൗരസമൂഹ പ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായും കൂടിക്കാഴ്ച.
28ന് മാർപാപ്പ ലുവെയ്ൻ നഗരത്തിലേക്കു പോകും. മെത്രാന്മാർ, വൈദികർ, സമർപ്പിതർ, വൈദികാർഥികൾ, അജപാലനപ്രവർത്തകർ എന്നിവരുമായുള്ള കൂടിക്കാഴ്ച, ലുവെയ്ൻ കത്തോലിക്ക സർവകലാശാല വിദ്യാർഥികളുമായും അധ്യാപകരുമായുള്ള കൂടിക്കാഴ്ച, ഈശോസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് അന്നത്തെ പരിപാടികൾ. 29ന് ബ്രസൽസിലെ കിംഗ് ബൗദൊവിൻ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. അന്ന് ഉച്ചകഴിഞ്ഞ് മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങും.
Source link