പിണറായിയും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര ശക്തം, രൂക്ഷവിമര്‍ശനവുമായി കെ.സുധാകരന്‍

മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക,രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ആര്‍എസ്എസ്-സിപിഎം ഗൂഢാലോചനക്കെതിരെ നടപടി സ്വീകരിക്കുക,ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍ക്കണം അവസാനിപ്പിക്കുക,എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടന്നു.സംസ്ഥാന വ്യാപകമായി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് കോണ്‍ഗ്രസ്.
പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര് മട്ടന്നൂരില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നിര്‍വഹിച്ചു. ബിജെപിയുടെ വോട്ടു വാങ്ങിയാണ് കൂത്തുപറമ്പില്‍ നിന്നാദ്യമായി പിണറായി വിജയന്‍ നിയമസഭയിലെത്തിയതെന്നും അന്നു മുതല്‍ ബിജെപിയുമായുള്ള ബന്ധം ഇപ്പോഴും പിണറായി വിജയന്‍ തുടരുകയാണെന്നും കെ.സുധാകരന്‍ പറഞ്ഞു. പിണറായി വിജയനും ബിജെപി നേതാക്കളും തമ്മിലുള്ള അവിഹിതബന്ധമൊന്നു കൊണ്ടു മാത്രമാണ് ഇത്രയേറെ അഴിമതി നടത്തിയിട്ടും പിണറായി വിജയന്‍ ജയിലില്‍ പോകാതെ മുഖ്യമന്ത്രിയായി തുടരുന്നത്.
പിണറായി വിജയന്റെ എട്ട് വര്‍ഷത്തെ ഭരണത്തില്‍ ജനാധിപത്യവും മതേതരത്വവും കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ ഇല്ലാതായി.ജനങ്ങള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്ന ഭരണമായി പിണറായിഭരണം മാറുകയാണ്. ഈ ഭരണം കൊണ്ട് ആകെക്കൂടി നേട്ടം പിണറായിക്കും കിങ്കരന്മാര്‍ക്കും മാത്രമാണ്. ഭരണത്തില്‍ അഴിമതി നടത്തിയാല്‍ മന്ത്രിയായായലും മുഖ്യമന്ത്രിയായാലും എംപിയായാലും ശിക്ഷിക്കപ്പെടണം. ഡോളര്‍കടത്ത്, സ്വര്‍ണകടത്ത്, കരിമണല്‍ വിഹിതം, മകളുടെ അക്കൗണ്ടിലേക്ക് വന്ന പണം എന്നിങ്ങനെ ആരോപണങ്ങളുടെ പരമ്പര തന്നെ വന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ പിണറായി വിജയനെ തൊടുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
സ്വര്‍ണകള്ളക്കടത്തിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടും സിബിഐയും കേന്ദ്ര ഏജന്‍സികളും പിണറായി വിജയനെ ചോദ്യം ചെയ്തില്ല. പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കരനെ ജയിലിലടച്ചപ്പോള്‍ കുറ്റം ചെയ്യാന്‍ ശിവശങ്കരനെ പ്രേരിപ്പിച്ച പിണറായി വിജയന്‍ സുരക്ഷിതനായി. എസ് എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതിയില്‍ 40 ലേറെ തവണയാണ് മാറ്റി വെച്ചത്. ബിജെപിയുടെ നിര്‍ദ്ദേശത്തിനനുസരിച്ചല്ലേ ഇങ്ങനെ സംഭവിക്കുന്നത്. ഏറ്റവുമൊടുവില്‍ തൃശൂരില്‍ പൂരം കലക്കി ബിജെപിക്ക് വിജയിക്കാന്‍ അവസരമുണ്ടാക്കുന്ന തരത്തിലേക്കു വരെ പിണറായി വിജയന്റെ ഈ അവിഹിതബന്ധം പ്രവര്‍ത്തിച്ചില്ലേയെന്നും കെ.സുധാകരന്‍ ചോദിച്ചു.
എറണാകുളത്ത് നോര്‍ത്ത്,സൗത്ത്,വൈറ്റില തൃക്കാക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പ്രതിഷേധം പ്രതിപക്ഷനേതാവ് വിഡി സതീശന്‍, പാലക്കാട് ബ്ലോക്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് ബ്ലോക്കില്‍ കെ. മുരളീധരന്‍, കൊല്ലം ഇരവിപുരം വടക്കേവിള ബ്ലോക്കില്‍ എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് എംഎല്‍എ, വയനാട് കല്‍പ്പറ്റ ബ്ലോക്കില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ് എംഎല്‍എ,കാസര്‍കോട് മുളിയാര്‍ ബ്ലോക്കില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍,പത്തനംതിട്ട ബ്ലോക്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ,കോഴിക്കോട് എലത്തൂര്‍ ബ്ലോക്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍,ആലപ്പുഴ കെ സി ജോസഫ്,കോട്ടയം ഏറ്റുമാന്നൂര്‍,ആര്‍പ്പുക്കര ബ്ലോക്കുകളില്‍ ഷാനിമോള്‍ ഉസ്മാന്‍, ഇടുക്കി തൊടുപുഴ ബ്ലോക്കില്‍ ജോസഫ് വാഴക്കന്‍,മലപ്പുറം ബ്ലോക്കില്‍ എ പി അനില്‍കുമാര്‍ എംഎല്‍എ എന്നിവര്‍ ബ്ലോക്ക് തല പ്രതിഷേധ കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
കൊല്ലത്ത് കൊട്ടാരക്കര ബ്ലോക്കില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി, എറണാകുളം ആലുവ ബ്ലോക്കില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കോഴിക്കോട് അഴിയൂര്‍,വടകര ബ്ലോക്കുകളില്‍ കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജുവും പത്തനംതിട്ട മല്ലപ്പള്ളിയില്‍ പി.ജെ.കുര്യനും പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
സെപ്റ്റംബര്‍ 28ന് ഡിസിസിയുടെ നേതൃത്വത്തില്‍ തേക്കിന്‍കാട് മൈതാനത്ത് മഹാപ്രതിഷേധ സമ്മേളനം നടക്കുന്നതിനാല്‍ തൃശ്ശൂര്‍ ജില്ലയിലെ 26 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഒഴികെയുള്ള 256 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധ കൂട്ടായ്മ സംസ്ഥാനവ്യാപകമായി നടന്നത്.
Source link