തിരുവനന്തപുരം: ബാറ്ററി സ്റ്റോറേജ് പദ്ധതിയുമായി കെ.എസ്.ഇ.ബി മുന്നോട്ടുവന്നത് സ്വാഗതാർഹമാണ്.ചെലവ് കൂടുതലായതിനാൽ പല വൈദ്യുതി വിതരണ കമ്പനികളും തൊടാൻ മടിച്ചിരുന്നതാണ് ബാറ്ററി സ്റ്റോറേജ് പദ്ധതി എന്ന ബി.ഇ.എസ്.എസ്. ഇപ്പോൾ കേന്ദ്രസർക്കാർ ഇതിന് വയബിലിറ്റി ഗ്യാപ് ഫണ്ടിലൂടെ സാമ്പത്തിക സഹായം നൽകുന്നുണ്ട്. അതോടെ കെ.എസ്.ഇ.ബിക്കും അധികം ചെലവില്ലാതെ ബാറ്ററി സ്റ്റോറേജ് നടപ്പാക്കാമെന്നായി.ഈ സാഹചര്യത്തിലാണ് ടെൻഡർ നടപടികളിലേക്ക് കടന്നത്.
എല്ലാവരും ഉത്പാദകർ,കെ.എസ്.ഇ.ബി.ക്ക്
വരുമാനത്തിന് വഴിതേടേണ്ടിവരും
സോളാർ പദ്ധതി വ്യാപകമാകുന്നതോടെ എല്ലാവരും വൈദ്യുതി ഉത്പാദകരായി മാറുകയാണ്. അവരവരുടെ വീട്ടിൽ ആവശ്യമുള്ള വൈദ്യുതി സോളാറിലൂടെ ഉത്പാദിപ്പിക്കാൻ തുടങ്ങിയാൽ കെ.എസ്.ഇ.ബി എവിടെയാണ് വൈദ്യുതി വിൽക്കുക എന്ന പ്രശ്നം ഉയരും.അവിടെയാണ് ബാറ്ററി സ്റ്റോറേജ് പദ്ധതിയുടെ പ്രസക്തി.വൈദ്യുതി ഏറ്റവും ആവശ്യമായി വരുന്നത് ഉപഭോഗം കുത്തനെ ഉയരുന്ന പീക്ക് അവേഴ്സിലാണ്. അതായത് വൈകിട്ട് ആറുമുതൽ രാത്രി 11വരെയുള്ള സമയം.ഈ സമയത്ത് സോളാർ വൈദ്യുതി ലഭ്യമാകില്ല.പുറമെ നിന്ന് വൈദ്യുതി വാങ്ങണമെങ്കിൽ ഒരു യൂണിറ്റ് വൈദ്യുതിക്ക്12 മുതൽ 18 രൂപവരെ നൽകേണ്ടിയും വരും. ബാറ്ററി സ്റ്റോറേജ് പദ്ധതിയുടെ സഹായത്തോടെ കുറഞ്ഞ നിരക്കിൽ വൈദ്യുതി വിതരണം ചെയ്യാൻ കെ.എസ്.ഇ.ബി ക്ക് കഴിയും.സോളാർ വ്യാപകമാകുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബിക്ക് ഏറ്റവും കൂടുതൽ ലാഭവും വരുമാനവും നൽകുന്ന സംവിധാനമായി ഇത് മാറുകയും ചെയ്യും.
കെ.എസ്.ഇ.ബി 2021ൽ തന്നെ തുടക്കമിട്ടു
ആസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ ഓരോ സബ് സ്റ്റേഷനിലും 4മെഗാവാട്ട് വരെ ശേഷിയുള്ള ബാറ്ററി സ്റ്റോറേജ് പദ്ധതി നിർബന്ധമാക്കിയിട്ടുണ്ട്. വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്യാൻ കഴിയാതെ വരുന്ന ബ്ളാക്ക് സ്റ്റാർട്ട് സാഹചര്യങ്ങളിൽ വൈദ്യുതിവിതരണം തടസ്സപ്പെടാതിരിക്കാനാണ് ഈ മുൻകരുതൽ.രാജ്യത്ത് ഡൽഹിയിൽ ഇത്തരം സംവിധാനമുണ്ട് . ആ മാതൃക പിന്തുടർന്നാണ് 2021ൽ കെ.എസ്.ഇ.ബി ബാറ്ററി സ്റ്റോറേജ് പദ്ധതികൾക്ക് തുടക്കം കുറിച്ചത്. എന്നാൽ അന്ന് അതിന് വൈദ്യുതി വിൽപനയിലൂടെ വൻലാഭം കൊയ്യുന്ന സ്ഥാപനങ്ങളുടെ ഇടപെടലുകളിലൂടെ എതിർപ്പുണ്ടായി.ഇപ്പോൾ കേന്ദ്രസർക്കാർ കൂടി ഇടപെടുന്നതോടെയാണ് ബാറ്ററി സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കുന്നത് വീണ്ടും സജീവമാകുന്നത്. ഇപ്പോഴും പദ്ധതി നടപ്പാക്കുന്നത് വൈകിയിട്ടില്ല.
സോളാർ ബി.ഇ.എസ്.എസ് പദ്ധതിക്ക് ശ്രമിക്കണം
ഭാവിയിൽ എല്ലാ ഉപഭോക്താവും ഭാഗികമായി ഉത്പാദകൻ കൂടിയാവുമ്പോൾ പീക്ക് സമയത്ത് വൈദ്യുതി വിൽപ്പന നടത്തി മാത്രമേ കെ.എസ്.ഇ.ബി പോലുള്ള സ്ഥാപനങ്ങൾക്ക് സാമ്പത്തികമായി വിജയിക്കാൻ കഴിയുകയുള്ളൂ.വൈദ്യുതി ആവശ്യങ്ങൾക്ക് തുല്യമായി സോളാർ വൈദ്യുതി ഉത്പാദനമുണ്ടായാൽ താപ- ന്യൂക്ലിയർ – ബി.ഇ.എസ്.എസ് വൈദ്യുതിയിലൂടെ മാത്രമേ വരുമാനം കിട്ടുകയുള്ളൂ. സോളാർ ഏറിയ പങ്കും ഫിക്സ്ഡ് ചാർജിൽ ലഭ്യമാവുന്ന വൈദ്യുതിയാണ്. ഫ്യൂവൽ ഇല്ല. ഈ സാഹചര്യത്തിൽ സോളാർ – ബി.ഇ.എസ്.എസ് കോൺട്രാക്‌ടുകൾക്ക് താപ – ന്യൂക്ലിയർ വൈദ്യുതിയെക്കാളും ചെലവു കുറയാനും സാദ്ധ്യതയുണ്ട്. ആ അർത്ഥത്തിൽ സോളാർ ബി.ഇ.എസ്.എസ് സംയുക്ത കരാറുകളും ടെൻഡർ ചെയ്യണ്ടതുണ്ട്.
Source link