സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ഇനി പുസ്‌തകം തുറന്നുവച്ച് പരീക്ഷയെഴുതാം; തുടക്കം നവംബറിൽ

തിരുവനന്തപുരം: നാലുവർഷ ബിരുദം നടപ്പായതോടെ സംസ്ഥാനത്തെ സർവകലാശാലകളെല്ലാം ഓപ്പൺബുക്ക് പരീക്ഷയിലേക്ക് മാറുന്നു. അതിന്റെ ആദ്യപടിയായി നവംബറിലെ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ പഠനനേട്ടം അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയം നടപ്പാക്കും. പരീക്ഷാ പരിഷ്‌കാരത്തിന്റെ ഭാഗമായി ഇത്തവണ ഓൺസ്‌ക്രീൻ പുനർ മൂല്യനിർണയവുമുണ്ടാകും.

പ്രവേശനം മുതൽ പരീക്ഷാഫലം വരെയുള്ള വിവരം സൂക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് സവിശേഷ തിരിച്ചറിയൽ രേഖ ഉൾപ്പെടെ മഭ്യമാക്കി സർവകലാശാലകളെ ‘കെ – റീപ്പ്’ സോഫ്റ്റ്‌വെയർ വഴി ഒരു കുടക്കീഴിലാക്കാനാണ് തീരുമാനം. കെ – റീപ്പിന് ഇനിയും ഒരുവർഷം വേണ്ടിവരുമെന്നതിനാൽ അതുവരെ സർവകലാശാലകളിൽ ഡിജിറ്റൽ ഫയൽ ഏർപ്പെടുത്തും. പരീക്ഷാനടത്തിപ്പിന് കോളേജുകൾക്ക് പ്രോട്ടോക്കോൾ തയ്യാറാക്കി നൽകാനാണ് നിർദേശം.

ഏകീകൃത അക്കാഡമിക് കലണ്ടർ അനുസരിച്ചുള്ള ഒന്നാം സെമസ്റ്റർ പരീക്ഷ നവംബർ രണ്ടുമുതൽ 22 വരെ കോളേജുകൾ തന്നെ നടത്തും. തുടർന്ന്, ഡിസംബർ രണ്ടിന് മാത്രമേ കോളേജ് തുറക്കൂ. ഇതിനിടെയുള്ള അവധിക്കാലത്ത് കോളേജുകളിൽ മൂല്യനിർണയം നടക്കും. കോളേജുകൾ അടച്ചിട്ടുള്ള മൂല്യനിർണയം പാടില്ല. ഡിസംബർ 22നുള്ളിൽ പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

പഠനനേട്ടം അടിസ്ഥാനമാക്കി വിദേശ സർവകലാശാലകളിലെ രീതിയിലാണ് മൂല്യനിർണയം. ഒരു സെമസ്റ്റർ കാലയളവിൽ വിദ്യാർത്ഥിയുടെ ധാരണ, ഓർമ, പ്രയോഗം, വിശകലനം, മൂല്യനിർണയം, സൃഷ്‌ടിപരത തുടങ്ങിയ അഞ്ച് ഘടകങ്ങൾ വിലയിരുത്തുന്നതണ് ഈ രീതി. ഒന്നാം സെമസ്റ്ററിൽ ഇത് പരിചയപ്പെടുത്തിയ ശേഷം രണ്ടാം സെമസ്റ്റർ മുതൽ ഓപ്പൺ ബുക്ക് നടപ്പാക്കാനാണ് ആലോചന.


Source link
Exit mobile version