KERALAMLATEST NEWS

‘എത്രയും വേഗം യുദ്ധത്തിന് പരിഹാരം കാണും’; പിന്തുണ വ്യക്തമാക്കിയ മോദിക്ക് നന്ദി പറഞ്ഞ് സെലൻസ്‌കി

ന്യൂയോർക്ക്: യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്‌ച നടത്തി. മൂന്ന് ദിവസത്തെ യുഎസ് പര്യാടനത്തിന്റെ അവസാന ദിവസമായ ഇന്നലെ ന്യൂയോർക്കിൽ വച്ചായിരുന്നു സന്ദർശനം. യുക്രെയിനിന്റെ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണ അറിയിച്ച മോദിയോട് സെലൻസ്‌കി നന്ദി പറഞ്ഞു. ഒരു മാസത്തിനിടെ മോദിയും സെലൻസ്‌കിയും തമ്മിൽ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്‌ചയാണിത്.

യുക്രെയിൻ ആവശ്യപ്രകാരമാണ് കൂടിക്കാഴ്‌ച എന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ സന്ദർശനത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ‘ന്യൂയോർക്കിൽ വച്ച് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയെ കണ്ടു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ മാസം നടത്തിയ സന്ദർശനവും അതിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സംഘർഷം എത്രയും വേഗം പരിഹരിച്ച് സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയുടെ പിന്തുണയുണ്ടാകും ‘, ചിത്രങ്ങൾക്കൊപ്പം പ്രധാനമന്ത്രി കുറിച്ചു.

മോദിയും സെലൻസ്‌കിയും ആലിംഗനവും ഹസ്തദാനവും നൽകുന്ന ചിത്രങ്ങളും 18 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുമാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയും കാണാം.

സമ്മിറ്റ് ഓഫ് ഫ്യൂച്ചർ ഇവന്റിലും ക്വാഡ് ഉച്ചകോടിയിലും പ്രവാസികൾ ആതിഥേയത്വം വഹിച്ച മെഗാ സമ്മേളനത്തിലും യുഎന്നിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗങ്ങളിൽ നയതന്ത്രത്തിലൂടെ സംഘർഷങ്ങൾ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി മോദി പരഞ്ഞിരുന്നു.

സംഘർഷം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിൽ മോദിക്ക് സെലൻസ്‌കി നന്ദി പറഞ്ഞു. ‘ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തുന്ന ഈ വർഷത്തെ മൂന്നാമത്തെ കൂടിക്കാഴ്‌ചയാണിത്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഞങ്ങൾക്ക് വ്യക്തമായ പിന്തുണ പ്രഖ്യാപിച്ച മോദിയോട് നന്ദി പറയുന്നു ‘, സെലൻസ്‌കി കുറിച്ചു.


Source link

Related Articles

Back to top button