കൊച്ചി: നടിയുടെ പീഡനപരാതിയുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ അറസ്റ്റ് ചെയ്യാൻ നീക്കം. നടൻ വിദേശത്തേക്ക് കടക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളിൽ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ നൽകി.
സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം കൊച്ചിലേക്ക് പോകുമെന്നാണ് വിവരം. നടന്റെ അറസ്റ്റിന് തടസമെന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഉടൻ തന്നെ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസിന് ക്രെെംബ്രാഞ്ച് മേധാവി നിർദേശം നൽകിയിട്ടുണ്ട്. സിദ്ദിഖിന്റെ എല്ലാ ഫോണുകളും സ്വിച്ച് ഓഫാണ്. നടൻ ആലുവയിലെ വീട്ടിലില്ലെന്നാണ് വിവരം. സുപ്രീംകോടതിയെ സമീപിക്കാനാണ് സിദ്ദിഖ് തീരുമാനിച്ചിരിക്കുന്നത്.
ജസ്റ്റിസ് സി.എസ് ഡയസ് അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ലൈംഗിക പീഡനക്കേസിൽ സിദ്ദിഖിനെ പ്രതിസന്ധിയിലാക്കുന്ന ശക്തമായ കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. നടി ഉന്നയിച്ച ആരോപണങ്ങളും മൊഴികളും സാധൂകരിക്കുന്നതാണെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിക്കുകയായിരുന്നു.
മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നേരത്തെ വാദം കേട്ടിരുന്നെങ്കിലും വിധി പറയുന്നത് മാറ്റിവയ്‌ക്കുകയായിരുന്നു. പരാതിക്കാരി ബലാത്സംഗം മുൻപ് ഉന്നയിച്ചിട്ടില്ലെന്നും അടിസ്ഥാനമില്ലാത്തതുമാണ് പരാതി എന്ന് ഹർജിക്കാരനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി. രാമൻ പിള്ള വാദിച്ചു. 2012ലാണ് സംഭവം നടന്നുവെന്ന് ആരോപിക്കുന്നത്. സൂക്ഷ്മമായി തയാറാക്കിയ കഥയാണ് പരാതിക്കാരി ഉയർത്തിയതെന്നായിരുന്നു സിദ്ദിഖിന്റെ ആരോപണം.
എന്നാൽ, പല വസ്തുതകളും സിദ്ദിഖ് മറച്ചുവയ്‌ക്കുകയാണെന്നും ഇരുവരും മാസ്‌കോട്ട് ഹോട്ടലിൽ എത്തിയതിന് തെളിവുണ്ടെന്നും സർക്കാരിനായി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി നാരായണൻ കോടതിയിൽ വാദം ഉന്നയിച്ചു.
Source link