പൂരം കലക്കൽ: കൂടുതൽ നടപടി ഉണ്ടായേക്കില്ല
തിരുവനന്തപുരം: രാഷ്ട്രീയ വിവാദമായി മാറിയെങ്കിലും തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ അന്വേഷണ റിപ്പോർട്ടിന്മേൽ കൂടുതൽ നടപടിക്ക് സാദ്ധ്യതയില്ല. തൃശൂർ സിറ്രി പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകൻ, അസി.കമ്മിഷണർ കെ.സുദർശൻ എന്നിവരെ ക്രമസമാധാന ചുമതലയിൽ നിന്ന് നേരത്തെ മാറ്റിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ടെക്നിക്കൽ ഇന്റലിജൻസ് എസ്.പിയായാണ് അങ്കിതിനെ നിയമിച്ചത്. കൂടുതൽ നടപടികൾ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടില്ല.
പൂരം കലക്കിയതിനു പിന്നിൽ ബാഹ്യ ഇടപെടലുകളില്ലെന്ന അജിത്കുമാറിന്റെ റിപ്പോർട്ട് ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് പരിശോധിക്കുകയാണ്. ഇന്നലെ വൈകിട്ടുവരെ റിപ്പോർട്ട് ഡി.ജി.പി, ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിട്ടില്ല. ആഭ്യന്തര സെക്രട്ടറി വഴിയാണ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകേണ്ടത്. റിപ്പോർട്ട് മുഖ്യമന്ത്രി പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക.
മുഖ്യമന്ത്രിക്ക് ലഭിച്ച നാല് പരാതികളിലാണ് അന്വേഷണം നടത്തിയത്. പൂരദിവസം സന്ധ്യമുതലുള്ള പൊലീസ് ക്രമീകരണങ്ങളുടെ വിശദീകരണവും ചിത്രങ്ങളുമടങ്ങിയതാണ് 1500ഓളം പേജുകളുള്ള റിപ്പോർട്ട്. കമ്മിഷണറുടെ വീഴ്ചകൾ അക്കമിട്ട് നിരത്തിയിട്ടുണ്ടെങ്കിലും മേൽനോട്ടച്ചുമതലയുണ്ടായിരുന്ന ഐ.ജി, ഡി.ഐ.ജി എന്നിവരുടെ പിഴവുകൾ റിപ്പോർട്ടിലില്ലെന്നാണ് സൂചന.
സുരക്ഷാ പ്രോട്ടോക്കോളിൽ വീഴ്ചയില്ല
പ്രതിഷേധക്കാരെ അനുനയിപ്പിക്കാതിരുന്നതും പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ വിന്യസിക്കാതിരുന്നതുമാണ് കമ്മിഷണറുടെ പ്രധാന പിഴവുകളായി റിപ്പോർട്ടിലുള്ളത്. സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നതിൽ കമ്മിഷണർക്ക് വീഴ്ചയുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൂരം നടത്തിപ്പിൽ വരുത്തേണ്ട പരിഷ്കാരങ്ങളും റിപ്പോർട്ടിലുണ്ട്.
Source link