KERALAM

തിരുവമ്പാടി കൃഷ്ണനെന്നും  പാറമേക്കാവ്  ഭഗവതിയെന്നും  പറയാത്തത്  ഭാഗ്യം,  പൂരം  കലക്കൽ റിപ്പോർട്ടിനെ പരിഹസിച്ച്  കെ.മുരളീധരൻ

തിരുവനന്തപുരം: തിരുവമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും കൂടിയാണ് തൃശൂർ പൂരം കലക്കിയതെന്ന് അന്വേഷണ റിപ്പോർട്ടിൽ എഴുതാത്തത് ഭാഗ്യമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പൂരം കലക്കിയ ആളെയാണ് റിപ്പോർട്ട് ഉണ്ടാക്കാൻ ഏൽപ്പിച്ചതെന്നും അദ്ദേഹം പരിഹസിച്ചു. പൂരംകലക്കി സുരേഷ് ഗോപിയെ ഡൽഹിക്ക് അയച്ചതുപോലെ , ആറ്റുകാൽ പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബി.ജെ.പിക്ക് കൊടുക്കുമോ എന്നാണ് ഇനി അറിയേണ്ടതെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സ്വന്തം മുന്നണിക്ക് ലഭിക്കേണ്ട വോട്ടുകൾപോലും മുഖ്യമന്ത്രി പിണറായി വിജയൻ അട്ടിമറിച്ചു. അടുത്ത തവണത്തെ തലശേരി സ്ഥാനാർത്ഥിയായിരിക്കും പി. ശശി. പിണറായി വിജയന്റെ കവചകുണ്ഡലങ്ങളാണ് ശശിയും അജിത് കുമാറും. ബിനോയ് വിശ്വം വാളെടുത്ത് തുള്ളിയാലും കവചകുണ്ഡലം നൽകാൻ പിണറായി തയ്യാറാവില്ല. ശശിയും അജിത്തും പോയാൽ പിന്നെ പിണറായി രാജിക്കത്ത് കൊടുത്താൽ മതി. അത്രയധികം കാര്യങ്ങൾ അവർക്ക് പറയാനുണ്ടാകും. അൻവർ കോൺഗ്രസാണെന്ന് ഇപ്പോഴാണോ മനസിലായത്. രാഹുലിനെതിരെ അൻവറിനെ കൊണ്ട് പറയിപ്പിച്ചത് പിണറായിയാണ്.ഈ പരിപ്പൊന്നും കേരളത്തിൽ വേവില്ല. ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്ന പിണറായിക്കതിരെയാവണം അടുത്ത യു.ഡി.എഫ് മുദ്രാവാക്യം.

തൃശൂർ പൂരം കലക്കലിലെ കെ.പി.സി.സി അന്വേഷണ റിപ്പോർട്ട് എന്താണെന്ന് പ്രസിഡന്റിനോട് ചോദിക്കണം. തൃശൂരിലെ യു.ഡി.എഫ് പരാജയ കാരണങ്ങളിൽ ഒന്നാണ് പൂരം കലക്കൽ. യു.ഡി.എഫിന്റെ സംഘടനാപരമായ ദൗർബല്യമായിരുന്നെങ്കിൽ അതിന്റെ ഗുണം കിട്ടേണ്ടത് എൽ.ഡി.എഫിനായിരുന്നു. സംഘടനാപരമായ കാരണങ്ങളാൽ കെ .കരുണാകരൻ തോറ്റപ്പോൾ ജയിച്ചത് വി .വി രാഘവനാണ്. ഇവിടെ ജയിച്ചത് ബി.ജെ.പിയാണ് . സ്വന്തം മുന്നണിക്ക് ലഭിക്കേണ്ട വോട്ടുകൾ അട്ടിമറിച്ച് പിണറായി ആ വിജയം താലത്തിലാക്കി ബി.ജെ.പിക്ക് കൊടുത്തു.


Source link

Related Articles

Back to top button