രാജ്യത്ത് സ്ഥിരീകരിക്കുന്നത് ആദ്യം
മലപ്പുറം: ദുബായിൽ നിന്നെത്തിയ എടവണ്ണ ചാത്തല്ലൂർ സ്വദേശിയായ 38കാരന് സ്ഥിരീകരിച്ചത് എംപോക്സ് ക്ലേഡ് വൺ ബി. ഇന്ത്യയിൽ ആദ്യമായാണ് ഇത് റിപ്പോർട്ട് ചെയ്യുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമ ആഫ്രിക്കയിൽ കണ്ടെത്തിയ ക്ലേഡ് വൺ ബി അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ്.
ലോകാരോഗ്യ സംഘടനയുൾപ്പെടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വകഭേദമാണ് ക്ലേഡ് വൺ. ഇതിന്റെ വകഭേദമാണ് മലപ്പുറത്തേത്. എംപോക്സ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ദുബായിൽ കാർപെന്ററായ ഇയാൾ നാട്ടിലേക്ക് തിരിക്കുംമുമ്പ് പനിക്ക് ചികിത്സ തേടിയിരുന്നു. കഴിഞ്ഞ 13ന് വീട്ടിലെത്തിയതോടെ സമ്പർക്കം ഒഴിവാക്കാനായി പ്രത്യേക മുറിയിൽ കഴിഞ്ഞു. പനിയും തലവേദനയും ശരീരവേദനയും കൂടിയതോടെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങൾ കണ്ടതോടെയാണ് 16ന് മഞ്ചേരി മെഡിക്കൽ കോളേജിലെത്തിയത്. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ നടത്തിയ ജീനോമിക് സ്വീക്വൻസിംഗ് പരിശോധനയിലാണ് വൈറസിന്റെ വകഭേദം തിരിച്ചറിഞ്ഞത്.
എംപോക്സ് ബാധിതന്റെ സമ്പർക്ക പട്ടികയിലുള്ള 29 പേരോട് സ്വയം നിരീക്ഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തിൽ ഒപ്പം യാത്ര ചെയ്ത 37 പേരും വീടുകളിൽ നിരീക്ഷണത്തിലുണ്ട്. ദുബായിൽ യുവാവിന്റെ സഹതാമസക്കാരായ ആറ് മലയാളികളിൽ ഒരാൾക്ക് പനിയും എംപോക്സ് ലക്ഷണങ്ങളും ഉണ്ടായിരുന്നെന്ന വിവരമുണ്ട്. ആരോഗ്യവകുപ്പ് . എംപോക്സ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കും. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ടുകളിൽ ഉൾപ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി.
Source link