എൻ.സി.പി മന്ത്രി മാറ്റം: നേതാക്കൾ നാളെ മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: എൻ.സി.പിയുടെ മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയും മന്ത്രി എ.കെ.ശശീന്ദ്രനും തോമസ് കെ. തോമസ് എം.എൽ.എയും നാളെ മുഖ്യമന്ത്രിയെ കണ്ടേക്കും. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ്പവാറിന്റെ നിർദ്ദേശാനുസരണമാണിത്.
ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയണമെന്ന നിലപാടിലാണ് പവാറും. എന്നാൽ ഈ നീക്കത്തിൽ ശശീന്ദ്രൻ പൂർണ തൃപ്തനല്ല. ശരദ് പവാറുമായി കഴിഞ്ഞ ആഴ്ച സംസ്ഥാന നേതാക്കൾ മന്ത്രി മാറ്റത്തെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. ശശീന്ദ്രൻ മാറണമെന്ന അഭിപ്രായം സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോ മുന്നോട്ടു വച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ശരദ് പവാർ എൽ.ഡി.എഫ് നേതൃത്വവുമായി ആശയവിനിമയം നടത്തിയിരുന്നു. മന്ത്രി സ്ഥാനം വിട്ടാൽ പകരം പാർട്ടി സംസ്ഥാന അദ്ധ്യക്ഷ പദവിയാണ് ശശീന്ദ്രൻ ആവശ്യപ്പെട്ടത്. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് സാദ്ധ്യത കുറവാണ്. ഘടകകക്ഷിയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടേണ്ടെന്ന നിലപാട് മുഖ്യമന്ത്രിയും സ്വീകരിച്ചതോടെയാണ് ശശീന്ദ്രന് മന്ത്രി സ്ഥാനം മാറേണ്ട സ്ഥിതിയെത്തിയത്. ബുധനാഴ്ചയിലെ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയും അനുകൂല നിലപാട് സ്വീകരിച്ചാൽ പുതിയ മന്ത്രിയുടെ പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും.
Source link