തൃശൂർ : പി.വി.അൻവറിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പിന് വഴങ്ങില്ലെന്നും പറഞ്ഞ് മനസിലാക്കുമ്പോൾ വഴങ്ങിയില്ലെങ്കിൽ സർക്കാർ സർക്കാരിന്റെ വഴിക്കു നീങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സി.പി.എം തൃശൂരിൽ സംഘടിപ്പിച്ച അഴീക്കോടൻ ദിനാചരണ ചടങ്ങിലാണ് പേരെടുത്ത് പറയാതെ വിമർശിച്ചത്. മാദ്ധ്യമങ്ങൾ ചിലരെ വല്ലാതെ പൊക്കിക്കാണിക്കുന്നു. അതിന് ആയുസ് കുറവാണ്. നാടിന്റെ താൽപ്പര്യം സി.പി.എം സംരക്ഷിക്കും.
സി.പി.എം പാർട്ടിയുടേതായ മാർഗ്ഗത്തിൽ മുന്നോട്ടുപോവുകയാണ്. ദേശീയപാത സ്ഥലമെടുക്കൽ അനുവദിക്കില്ലെന്ന് ഒരുകൂട്ടർ പറഞ്ഞപ്പോൾ അന്നത്തെ സർക്കാർ ആ വഴിക്ക് നീങ്ങി. ഗെയിൽ പൈപ്പ് ലൈൻ നടക്കില്ലെന്ന് പറഞ്ഞു. എന്നാൽ എല്ലാം യാഥാർത്ഥ്യമായി. സർക്കാർ എന്നത് നാടിന്റെ പുരോഗതിക്കായി പ്രവർത്തിക്കാനുള്ളതാണ്.
ചിലരുടെ ആവശ്യങ്ങൾക്കായി കീഴടങ്ങുകയല്ല വേണ്ടത്. 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ഒന്നുമില്ലാത്ത അവസ്ഥയായിരുന്നു. റോഡ് പോലുമില്ലാത്ത അവസ്ഥ. എട്ട് കൊല്ലം മുമ്പുള്ള കാര്യമാണ്. എന്നാൽ ഇന്നത്തെ കേരളത്തിന്റെ സ്ഥിതിയെന്താണ്. ഇതെല്ലാം ഉൾക്കൊണ്ടാണ് ജനം വീണ്ടും എൽ.ഡി.എഫിന് അവസരം നൽകിയത്. അഴീക്കോടനെ അഴിമതിക്കോടനെന്ന് മാദ്ധ്യമങ്ങൾ വിളിച്ചു. അതിക്രൂരമായാണ് കമ്യൂണിസ്റ്റ് നേതാവിനെതിരെ പ്രചരണം നടത്തിയത്. അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ടശേഷം അദ്ദേഹത്തിന് മഹാസൗധമില്ലെന്ന് ജനത്തിന് മനസിലായി. കുഞ്ഞാലിയെ എം.എൽ.എയായിരുന്നപ്പോഴാണ് വെടിവെച്ച് കൊന്നത്. കൊലയാളി പാർട്ടിയോ കൊലയ്ക്ക് ഇരയാകുന്നവരുടെ പാർട്ടിയോ സി.പി.എമ്മെന്ന് ഇതിൽ നിന്ന് മനസിലാവും. അന്ന് കൊലപാതകം നടത്തിയത് കോൺഗ്രസാണെങ്കിൽ പിന്നീടത് ആർ.എസ്.എസായി. അങ്ങനെ അങ്ങ് ഒലിച്ചുപോകുന്ന പാർട്ടിയല്ല സി.പി.എമ്മെന്ന് വലത് മാദ്ധ്യമങ്ങളെ ഓർമ്മിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ഡോ.ആർ.ബിന്ദു, സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി.കെ.ബിജു, എം.കെ.കണ്ണൻ, എ.സി.മൊയ്തീൻ എന്നിവർ പങ്കെടുത്തു.
Source link