പൂരം പ്രശ്നത്തിലും മാദ്ധ്യമങ്ങൾക്ക് വിമർശനം: റിപ്പോർട്ട് കിട്ടിയശേഷം നടപടി: മുഖ്യമന്ത്രി

തൃശൂർ : പൂരം വിഷയത്തിൽ എ.ഡി.ജി.പിയുടെ റിപ്പോർട്ട് കാണാതെയാണ് മാദ്ധ്യമങ്ങൾ വാർത്തറിപ്പോർട്ട് ചെയ്യുന്നതെന്നും മൂന്നുനാലുദിവസം കാത്തിരുന്നാൽ കാര്യങ്ങൾ മനസിലാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

സംഭവിക്കാൻ പാടില്ലാത്ത കാര്യം അന്വേഷണത്തിലും സംഭവിച്ചുവെന്ന വികാരം ജനിപ്പിക്കാനാണ് ശ്രമം.

തൃശൂരിൽ അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. റിപ്പോർട്ട് എനിക്ക് കിട്ടിയിട്ടില്ല. പൂരം എങ്ങനെ അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായി. അത് എല്ലാവർക്കും ബോദ്ധ്യമുള്ള കാര്യമാണ്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥനെ സർക്കാർ ചുമതലപ്പെടുത്തി. അത് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് തിരുവനന്തപുരത്തെത്തുമ്പോൾ അതിന്റെ നടപടിക്രമം അനുസരിച്ച് കൈയിൽ കിട്ടും. ശേഷം തുടർ നടപടിയുണ്ടാകും. ഡി.ജി.പിക്ക് റിപ്പോർട്ട് ലഭിച്ചതായി മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞു. റിപ്പോർട്ടിലെ വിവരം ഇപ്പോൾ അറിയില്ല. അതേക്കുറിച്ച് ഇപ്പോൾ പറയാനാകില്ല. റിപ്പോർട്ട് പുറത്തുവിടും. അപ്പോൾ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയല്ലാതായാലോ ?. എന്ത് നെറികേടാണ് ജനങ്ങൾക്ക് മുന്നിൽ കാണിക്കുന്നത്. പൂരം അലങ്കോലമാക്കിയ സംഭവത്തിൽ 24ന് മുമ്പ് റിപ്പോർട്ട് ലഭിക്കണമെന്ന് ഉത്തരവിട്ടിരുന്നു. വയനാട് ദുരന്തത്തിന്റെ കാര്യത്തിലും എന്താണ് മാദ്ധ്യമങ്ങൾ കാണിച്ചത്. ഒരു തവണ മാത്രമാണ് നിവേദനം നൽകിയത്. ഇതുവരെയും സഹായം ലഭിച്ചിട്ടില്ല. സഹായം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം നടന്ന ദുരന്തങ്ങൾക്ക് കേന്ദ്രം സഹായം കൊടുത്തു. ഇത് പറയാൻ കേരളത്തിലെ മാദ്ധ്യമങ്ങൾ തയ്യാറായില്ല. എങ്ങനെയെങ്കിലും നാട് നശിച്ച് കണ്ടാൽ മതിയെന്ന സമീപനമാണ് ചില വലതുപക്ഷ മാദ്ധ്യമങ്ങൾക്ക്. കേരളത്തിന് പുറത്തും മാദ്ധ്യമങ്ങളുണ്ട്. അവർ അവരുടെ നാടിനായാണ് പ്രവർത്തിക്കുന്നത്. നിങ്ങൾ എല്ലാവരും ഒരുമിച്ച് കൂടിയാലോചന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Source link
Exit mobile version