കാർ ആറ്റിൽ വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം
കോട്ടയം: കോട്ടയം-ചേർത്തല റോഡിൽ കൈപ്പുഴമുട്ടിനു സമീപം കാർ ആറ്റിൽ വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിൽ സ്ഥിരതാമസക്കാരനായ മലയാളി കൊട്ടാരക്കര ഓടനാവട്ടം സ്വദേശി ജയിംസ് ജോർജ് (48), ബദ്‌ലാപൂർ സ്വദേശിനിയായ സായ്‌ലി രാജേന്ദ്ര സർജെ (27) എന്നിവരാണ് മരിച്ചത്. താനെയിൽ നിന്ന് അവധിയാഘോഷിക്കാനാണ് ഇരുവരുമെത്തിയത്.
കൈപ്പുഴയാറ്റിൽ കൈപ്പുഴമുട്ടിലെ പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി 8.45ഓടെയാണ് അപകടം. കോട്ടയം ഭാഗത്ത് നിന്നുവന്ന കാർ നിയന്ത്രണം വിട്ട് ഇടതുഭാഗത്തെ സർവീസ് റോഡുവഴി ആറ്റിലേക്ക് പതിക്കുകയായിരുന്നു. എറണാകുളം രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് 5.30ഓടെ എറണാകുളം കണക്ടിംഗ് ക്യാബ് റെന്റ് എ കാറിൽ നിന്നുമാണ് കാർ വാടകയ്‌ക്കെടുത്തത്. വഴി പരിചയമില്ലാത്തതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ നിഗമനം. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വന്നപ്പോഴുണ്ടായ ആശയക്കുഴപ്പമാണോ എന്നും സംശയിക്കുന്നു.
കാറിലുണ്ടായിരുന്നവരുടെ ബഹളം കേട്ട് പ്രദേശവാസികൾ ഓടിയെത്തുമ്പോഴേയ്ക്കും കാർ പൂർണമായി മുങ്ങിത്താഴ്ന്നിരുന്നു. ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു. കുമരകം പൊലീസും കോട്ടയം,വൈക്കം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി മുക്കാൽ മണിക്കൂറോളം പരിശോധിച്ച ശേഷമാണ് കാർ കണ്ടെത്തിയത്. കൈപ്പുഴയാറ്റിൽ ആഴമേറെയുള്ള ഭാഗമായതിനാൽ തെരച്ചിൽ ദുഷ്‌കരമായി.
കാറിന്റെ ഡിക്കി ഭാഗത്തെ ഗ്ലാസ് തകർത്താണ് ഇവരെ പുറത്തെടുത്തത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മന്ത്രി വി.എൻ.വാസവനും സംഭവസ്ഥലത്തെത്തിയിരുന്നു.
Source link