ബുഡാപെസ്റ്റ്: ചെസ് ഒളിന്പ്യാഡിൽ ഇരട്ടസ്വർണം നേടിയ ഇന്ത്യൻ താരങ്ങൾ ആഘോഷത്തിനു രോഹിത് ശർമയുടെയും ലയണൽ മെസിയുടെയും ശൈലി സ്വീകരിച്ചു. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പുമായി രോഹിത് സഹതാരങ്ങൾക്കിടയിലേക്കു നടന്നടുക്കുന്നതിനു സമാനമായ രീതിയിലായിരുന്നു ചെസ് താരങ്ങളുടെയും ആഘോഷപ്രകടനം. ബുഡാപെസ്റ്റ് ചെസ് ഒളിന്പ്യാഡിൽ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ചരിത്രത്തിലാദ്യമായി ഇന്ത്യ സ്വർണം നേടിയിരുന്നു. പോഡിയത്തിൽ ത്രിവർണപ്പതാകയ്ക്കു പിറകിലായി നിൽക്കുന്ന ചെസ് താരങ്ങൾക്ക് മുൻപിലേക്ക് ഡി. ഗുകേഷും താനിയ സച്ദേവും ട്രോഫിയുമായി രോഹിത് ശർമ സ്റ്റൈലിൽ എത്തുന്നതാണു വീഡിയോ.
2022 ഫിഫ ലോകകപ്പ് കിരീടധാരണത്തിനു പിന്നാലെ അർജന്റൈൻ താരം ലയണൽ മെസിയാണ് ഈ ശൈലി ആദ്യമായി സ്വീകരിച്ചത്. തുടർന്ന് ഈ വർഷം ട്വന്റി 20 ലോകകപ്പ് നേടിയ രോഹിത് ശർമയും ഇത് അനുകരിച്ചു. നാലു സ്വർണം 2024 ചെസ് ഒളിന്പ്യാഡിൽ ഇന്ത്യ നാലു വ്യക്തിഗത സ്വർണമെഡലുകളാണു നേടിയത്. ഗുകേഷ് തുടർച്ചയായ രണ്ടാം തവണയും സ്വർണമെഡൽ നേടി. 2022 ചെന്നൈ ചെസ് ഒളിന്പ്യാഡിലും ഗുകേഷിനു സ്വർണമെഡൽ ലഭിച്ചിരുന്നു. അർജുൻ എറിഗാസി 11 മത്സരങ്ങളിൽനിന്ന് പത്ത് വിജയവും നേടി. വനിതകളിൽ ദിവ്യ ദേശ്മുഖും വങ്കിത അഗർവാളും സ്വർണം നേടി.
Source link