ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം; ലബനനിൽ 274 പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ലബനനിൽ ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം. വ്യോമാക്രമണ പരമ്പരകളിൽ 274പേർ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച തെക്കൻ, വടക്കുകിഴക്കൻ ലബനനിലാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നതായി ആരോഗ്യമന്ത്രാലയം പറഞ്ഞു. ലബനനിലെ 300 ലക്ഷ്യകേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രേലി സൈന്യം അറിയിച്ചു. ഹിസ്ബുള്ളയ്ക്കെതിരേ കഴിഞ്ഞ ഒരു വർഷത്തിനിടെയുള്ള ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് ഇന്നലെ നടന്നത്. വരും ദിവസങ്ങളിലും ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേൽ സൈനിക മേധാവി ലഫ്. ജനറൽ ഹെർസി ഹലേവി പറഞ്ഞു. തെക്കൻ ലബനനിലുള്ളവരോട് വീടുവിടാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. ഹിസ്ബുള്ള ആയുധം സൂക്ഷിക്കുന്ന ഈ പ്രദേശങ്ങളിൽ ശക്തമായ ആക്രമണമുണ്ടാകുമെന്നാണു മുന്നറിയിപ്പ്.
പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് തങ്ങൾക്ക് ടെക്സ്റ്റ്, വോയ്സ് മെസേജുകൾ ലഭിച്ചതായി തെക്കൻ ലെബനനിലെ ജനങ്ങൾ പറയുന്നു. ഫോൺ സന്ദേശം തന്റെ ഓഫീസിനും ലഭിച്ചതായി ലബനൻ ഇൻഫർമേഷൻ മന്ത്രിയും പറഞ്ഞു. തെക്കൻ മേഖലയിലെ ആശുപത്രികളിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്തിയാൽ മതിയെന്ന് ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റ് എത്തുന്നവർക്കായി തയാറായിരിക്കാനും ആശുപത്രികൾക്ക് ആരോഗ്യമന്ത്രാലയം നിർദേശം നൽകി. പ്രദേശത്തെ സ്കൂളുകൾക്കു സർക്കാർ അവധി നൽകിയിട്ടുണ്ട്.
Source link