ഇഞ്ചുറി പറ്റാതെ ലെവർകൂസൻ

ലെവർകൂസൻ: അവസാന ഇഞ്ചുറി ടൈമിൽ വിക്ടർ ബോണിഫേസിന്റെ ഗോളിൽ ജർമൻ ബുണ്ടസ് ലിഗയിലെ നിലവിലെ ചാന്പ്യന്മാരായ ബെയർ ലെവർകൂസനു ജയം. സ്വന്തം കളത്തിൽ രണ്ടു തവണ പിന്നിലായ ലെവർകൂസൻ 4-3ന് വൂൾവ്സ്ബർഗിനെ പരാജയപ്പെടുത്തി. ജയത്തോടെ ഒന്‍പതു പോയിന്റുമായി ലെവർകൂസൻ രണ്ടാം സ്ഥാനത്തെത്തി. 12 പോയിന്റുള്ള ബയേണ്‍ മ്യൂണിക്കാണ് ഒന്നാമത്. അഞ്ചാം മിനിറ്റിൽ നോർദി മുകീലെയുടെ ഓണ്‍ ഗോൾ വൂൾവ്സ്ബർഗിനെ മുന്നിലെത്തിച്ചു. 14-ാം മിനിറ്റിൽ ഫ്ളോറിയൻ വിർട്സ് ലെവർകൂസനു സമനില നല്കി. ജൊനാഥൻ താ (32’) ലെവർകൂസനു ലീഡ് നൽകി. അഞ്ചു മിനിറ്റിനുശേഷം സെബാസ്റ്റ്യൻ ബോർനോവിലൂടെ വൂൾവ്സ് തിരിച്ചടിച്ചു. 45+1’ാം മിനിറ്റിൽ മാത്യാസ് സ്വാൻബർഗ് വൂൾവ്സ്ബർഗിനെ മുന്നിലാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിലേ (48’) പിയറോ ഹിൻകാപി ലെവറിനെ സമനിലയിലെത്തിച്ചു. മത്സരം സമനിലയെന്നു കരുതിയിരിക്കേയാണ് ബോണിഫേസ് (90+3’) വിജയഗോൾ നേടുന്നത്. ശനിയാഴ്ച ബയേണിനെതിരേയാണു ലെവർകൂസന്റെ അടുത്ത മത്സരം. മറ്റൊരു മത്സരത്തിൽ സ്റ്റുട്ഗർട്ട് 5-1ന് ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപ്പിച്ചു.
Source link