കാലു കുത്താൻ ഇടമില്ല: വേണാടിൽരണ്ട് സ്ത്രീകൾ കുഴഞ്ഞുവീണു
കോട്ടയം: കാലു കുത്താൻ പോലും ഇടമില്ലാതെ വേണാട് എക്സ്പ്രസിലെ തിങ്ങി ഞെരുങ്ങിയുള്ള യാത്രയിൽ രണ്ട് വനിതാ യാത്രികർ കുഴഞ്ഞുവീണു. ഇന്നലെ രാവിലെ 9.15 ഓടെ വേണാട് എക്സ്പ്രസ് പിറവം സ്റ്റേഷനിലെത്തിയപ്പോഴാണ് തിരക്കിലകപ്പെട്ട് രണ്ട് സ്ത്രീകൾ കുഴഞ്ഞുവീണത്. ഇവർക്ക് സഹയാത്രികർ തന്നെ പ്രാഥമിക ചികിത്സ നൽകുകയായിരുന്നു. ട്രെയിനിൽ കയറാനുള്ള തിക്കിലും തിരക്കിലും കഴിഞ്ഞ ദിവസം മറ്റൊരു യാത്രക്കാരിയായ രജനി സുനിലിന് പരിക്കേറ്റിരുന്നു. ചെങ്ങന്നൂർ മുതൽ തിങ്ങിനിറഞ്ഞാണ് വേണാടിന്റെ യാത്ര. പാലരുവി കടന്നുപോയാൽ ഒന്നര മണിക്കൂറിന് ശേഷമാണ് അടുത്ത ട്രെയിനായ വേണാട് കോട്ടയത്ത് എത്തുന്നത്. ഈ ഇടവേളയാണ് ഇരു ട്രെയിനുകളിലേയും തിരക്ക് വർദ്ധിക്കാൻ കാരണം.
എറണാകുളത്തേയ്ക്ക് തിരുവനന്തപുരത്തുനിന്നുള്ള ആദ്യ ട്രെയിനാണ് വേണാട് എക്സ്പ്രസ്. തെക്കൻ ജില്ലകളിൽ നിന്ന് മെമു, പാലരുവി, വേണാട് എക്സ്പ്രസുകളിൽ മാത്രം ജോലി ആവശ്യങ്ങൾക്കായി തൃപ്പൂണിത്തുറയിലിറങ്ങി ഇൻഫോപാർക്കിലേയ്ക്ക് മറ്റും യാത്ര ചെയ്യുന്നവരുടെ എണ്ണം ദിവസവും മൂവായിരത്തിലേറെ വരും. പാലരുവിയിലെ കോച്ചു വർദ്ധന അല്പം ആശ്വാസം പകർന്നെങ്കിലും റൂട്ടിലെ പ്രശ്നങ്ങൾക്ക് നാളിതു വരെ പരിഹാരമായില്ല. ട്രെയിനിൽ കയറാൻ പറ്റാതെ ആളുകൾ ബുദ്ധിമുട്ടുന്നതിനാൽ സിഗ്നൽ ലഭിച്ചാലും ഗാർഡിന് ക്ലിയറൻസ് കൊടുക്കാൻ കഴിയുന്നില്ല. ഇതുമൂലം വേണാട് വൈകുന്നതും പതിവാണ്.
സാധ്യമായതെല്ലാം
ചെയ്യുമെന്ന് റെയിൽവേ
തിരുവനന്തപുരം:കോട്ടയത്തിനും എറണാകുളത്തിനുമിടയിലെ യാത്രാദുരിതം പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് തിരുവനന്തപുരം ഡിവിഷണൽ റെിൽവേ അധികൃതർ അറിയിച്ചു. വന്ദേഭാരതിനായി ട്രെയിനുകൾ പിടിച്ചിടുന്നതും കോച്ചുകൾ കുറച്ചതുമാണ് യാത്രാദുരിതത്തിന് കാരണമെന്ന ആക്ഷേപം അധികൃതർ നിഷേധിച്ചു.
രാവിലെ കോട്ടയം ഭാഗത്തു നിന്ന് എറണാകുളത്തേക്കുള്ള വേണാട് പാലരുവി ട്രെയിനുകളിൽ സമാന്യം തിരക്കുണ്ട്. റോഡ് പണി നടക്കുന്നതിനാൽ തിരക്ക് കൂടി. തിങ്കളാഴ്ചകളിലും അവധി തീരുന്ന ദിവസങ്ങളിലുമാണ് കൂടുതൽ തിരക്ക്. അതിന് വേണ്ടി പ്രത്യേക സർവീസ് നടത്താൻ കഴിയില്ല. വേണാടിൽ ഐ.സി.എഫ്. കോച്ചുകൾ മാറ്റി എൽ.എച്ച്.ബി ആക്കിയിട്ടുണ്ട്. ഇതോടെ സീറ്റിംഗ് കപ്പാസിറ്റി 98ൽ നിന്ന് 104 ആയി. വേണാടിലെ തിരക്ക് പരിഗണിച്ച് പാൻട്രികാർ ഒഴിവാക്കി പാസഞ്ചർ കോച്ച് ഉൾപ്പെടുത്തി. ഇതോടെ കോച്ചുകളുടെ എണ്ണം 22ആയി. ഇനിയും കോച്ചുകൾ ചേർത്താൽ ട്രെയിൻ എൻജിൻ വലിക്കില്ല.
വേണാടിനും പാലരുവിക്കും ഇടയിൽ മെമു സർവീസ് പരിഗണിക്കുന്നുണ്ട്. എറണാകുളത്ത് സൗകര്യമില്ലാത്തതാണ് തടസം. ഇന്നലെ തിരക്ക് മൂലം യാത്രക്കാർ കുഴഞ്ഞുവീണതായി റെയിൽവേയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവല്ലയിൽ വച്ച് അസുഖം മൂലം തല ചുറ്റിവീണ യാത്രക്കരിക്ക് ചികിത്സ നൽകിയതായും റെയിൽവേ അറിയിച്ചു.
Source link