KERALAMLATEST NEWS

മലപ്പുറത്തേത് എംപോക്സിന്റെ പുതിയ വകഭേദം,​ കൂടുതൽ അപകടകാരിയെന്ന് കേന്ദ്രം

തിരുവനന്തപുരം : മലപ്പുറത്ത് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്ത എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ ക്ലേഡ് 1 ബി കേസാണിത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നും കേന്ദ്രം വ്യക്തമാക്കി.

യു,എ,ഇയിൽ നിന്ന് എത്തിയ ആളിലാണ് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയ വൈറസാണ് എംപോക്സിന്റേത്. എംപോക്സ് ബാധിച്ച രോഗിയിൽ നിന്ന് സ്പർശനത്തിലൂടെ മറ്റൊരാളിലേക്ക് രോഗം പകരും. മലപ്പുറം സ്വദേശിയായ 35കാരനിലാണ് ഇന്ത്യയിൽ ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ ശരീരസ്രവങ്ങൾ, രോഗി ഉപയോഗിച്ച വസ്തുക്കൾ എന്നിവ വഴിയും രോഗം പകരും. ദേഹത്ത് കുമിളകൾ, പനി, തലവേദന, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകും.

അതേസമയം സംസ്ഥാനത്ത് എംപോക്സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.കേസുകൾ കൂടുകയാണെങ്കിൽ അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ടുകളിൽ ഉൾപ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവിൽ 5 ലാബുകളിൽ പരിശോധനാ സൗകര്യമൊരുക്കി. ആവശ്യമെങ്കിൽ കൂടുതൽ ലാബുകളിൽ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ എംപോക്സ് ലക്ഷണവുമായി എത്തുന്നുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി നിർദേശം നൽകി.


Source link

Related Articles

Back to top button