കാലുകുത്താൻ പോലും ഇടമില്ല; വേണാട് എക്‌സ്പ്രസിൽ ദുരിതയാത്ര, രണ്ടുപേർ കുഴഞ്ഞുവീണു

തിരുവനന്തപുരം: കാലുകുത്താൻ പോലും ഇടമില്ലാതെ തിങ്ങി നിറഞ്ഞ് വേണാട് എക്‌സ്പ്രസിൽ ദുരിതയാത്ര. തിരക്ക് കാരണം രണ്ട് യാത്രക്കാർ കുഴഞ്ഞുവീണു. ജനറൽ കംപാർട്ട്മെന്റിൽ നിന്ന സ്ത്രീകളാണ് കുഴഞ്ഞുവീണത്. പിറവം റോഡ് കഴിഞ്ഞപ്പോഴാണ് സ്ത്രീകൾ വീണതെന്ന് മറ്റ് യാത്രക്കാർ പറയുന്നു.
ഒരിഞ്ച് പോലും സ്ഥലമില്ലാതെ യാത്രക്കാർ തിങ്ങിനിറഞ്ഞുള്ള വേണാട് എക്‌സ്‌പ്രസിലെ കോച്ചിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമയക്രമം മാറ്റിയതും ആവശ്യത്തിന് ട്രെയിനുകൾ ഇല്ലാത്തതുമാണ് ഇതിന് കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു. വേണാട് എക്സ്പ്രസിലെ അവസാന ആറ് കംപാർട്ടുമെന്റുകളിൽ ആളുകൾക്ക് കയറാൻ പോലുമാകാത്ത തിരക്കാണ്.
തിരക്കിനിടയിൽ പലർക്കും പരിക്ക് പറ്റുന്നുണ്ട്. ഈ ദുരിതയാത്രയ്‌ക്കെതിരെ മുൻപും യാത്രക്കാർ പ്രതിഷേധം നടത്തിയിരുന്നു. വന്ദേ ഭാരതിനായി വേണാട് എക്സ്‌പ്രസ് പിടിച്ചിടുന്നതും ദുരിതം ഇരട്ടിയാക്കി.വേണാട് എക്സ്‌പ്രസിലെ ദുരിതയാത്രയെക്കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും റെയിൽവേ ഇടപെടുന്നിലെന്നാണ് യാത്രക്കാരുടെ ആരോപണം.
വേണാട് എക്സ്‌പ്രസിലെ ജനറൽ കോച്ചുകളുടെ എണ്ണം ഉൾപ്പെടെ വർദ്ധിപ്പിക്കണം. ട്രെയിൻ പിടിച്ചിടാത്ത തരത്തിൽ സമയം പുനഃക്രമീകരിക്കണം, കൂടുതൽ മെമു സർവീസ് ആരംഭിക്കണം’,- റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് നിന്ന് പുലച്ചെ 5.25ന് പുറപ്പെടുന്ന ട്രെയിൻ പലപ്പോഴും ഏറെ വെെകിയാണ് ഷൊർണൂരിൽ എത്തുന്നത്. എറണാകുളത്തേക്കുള്ള യാത്രക്കാർ ഉൾപ്പെടെയാണ് വേണാട് എക്സ്പ്രസ് പിടിച്ചിടുന്നതിൽ ഏറെ ദുരിതത്തിലാക്കുന്നത്. രാവിലെ ഓഫീസിൽ പോകണ്ടവരും വിദ്യാർത്ഥികളും ഉൾപ്പെടെ ആശ്രയിക്കുന്ന ട്രെയിനാണ് വേണാട് എക്സ്പ്രസ്.
Source link