ന്യൂഡൽഹി: മകൾ മരിച്ചത് ജോലിഭാരം കാരണമാണെന്നും മകളുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ കമ്പനിയിൽ നിന്നും ഒരു ജീവനക്കാരൻ പോലും എത്തിയില്ലെന്ന് പ്രതികരിച്ച് മാതാവ്. ജൂലായ് 24നാണ് ഏൺസ്റ്റ് ആൻഡ് യംഗ് ഇൻഡ്യ എന്ന കമ്പനിയിലെ ചാറ്റേർഡ് അക്കൗണ്ടന്റായ കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യനെ (26) മരിച്ചനിലയിൽ കണ്ടെത്തിയത്. ഇപ്പോഴിതാ യുവതിയുടെ മാതാവായ അനിത അഗസ്റ്റിൻ കമ്പനിയുടെ ചെയർമാനായ രാജീവ് മേമനിക്ക് എഴുതിയ ഹൃദയഭേദകമായ കത്താണ് ചർച്ചയായിരിക്കുന്നത്.
ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്നതിലപ്പുറമുളള ജോലിഭാരം നൽകുന്ന കമ്പനിയുടെ സംസ്‌കാരം തിരുത്തണമെന്നും മകളുടെ മരണം ഒരു ഓർമപ്പെടുത്തലുമാണെന്ന് അനിത കത്തിൽ പറയുന്നു. ‘മകളുടെ മരണം താങ്ങാവുന്നതിലുമപ്പുറമാണ്. ഇനി ഒരു രക്ഷിതാവിനും ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകാതിരിക്കണമെന്ന പ്രതീക്ഷയോടെയാണ് കത്തെഴുതുന്നത്. കഴിഞ്ഞ വർഷം നവംബർ 23നാണ് മകൾ ചാറ്റേർഡ് അക്കൗണ്ടൻസി പരീക്ഷ പാസായത്.
തുടർന്ന് മാർച്ച് 19ന് പൂനെയിലെ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. അന്നയ്ക്ക് ഭാവിയെക്കുറിച്ച് ഒരുപാട് മോഹങ്ങളുണ്ടായിരുന്നു. ഇവൈയിലേത് അവളുടെ ആദ്യത്തെ ജോലിയാണ്. ഇന്ത്യയിലെ തന്നെ വലിയ ഒരു കമ്പനിയുടെ ഭാഗമായതിൽ അവൾ സന്തോഷിച്ചിരുന്നു. എന്നാൽ ജോലിയിൽ പ്രവേശിച്ച് നാല് മാസം കഴിഞ്ഞതോടെ അന്നയുടെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. ജൂലായ് 24ന് അവൾ മരിച്ചെന്ന വാർത്തയാണ് ഞങ്ങൾ കേട്ടത്. വെറും 26 വയസായിരുന്നു മകൾക്ക്’- അനിത കത്തിൽ പറയുന്നു.
അതേസമയം, യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഇവൈയും ഒരു പ്രസ്താവന പുറത്തിറക്കുകയുണ്ടായി. ജീവനക്കാരിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്നും കത്ത് അതീവഗൗരവത്തോടെ പരിഗണിക്കുമെന്നുമാണ് പ്രസ്താവനയിൽ പറയുന്നത്.
Source link