തൃശൂർ : അപകടരക്ഷാ പ്രതിരോധ പ്രവർത്തനങ്ങളെ ജനകീയമാക്കാൻ അഗ്‌നിരക്ഷാ വകുപ്പിന് കീഴിൽ ആരംഭിച്ച സിവിൽ ഡിഫൻസ് ഫോഴ്‌സിൽ കൂടുതൽ പേരെ അംഗങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് അക്കാഡമിയിൽ പരിശീലനം പൂർത്തീകരിച്ച 315 പരിശീലനാർത്ഥികളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ അപകട സാദ്ധ്യതാ മേഖലകളിൽ ഉപയോഗിക്കാൻ റോബോട്ടിക് ഫയർ ഫൈറ്റിംഗ് ഉപകരണങ്ങൾ വാങ്ങാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ദുരന്തമേഖലകളിൽ സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ പ്രവർത്തനം മാതൃകാപരമാണ്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 6,200 പേർ വിജയകരമായി പരിശീലനം പൂർത്തിയാക്കി സേവന സജ്ജരാക്കി. ഇവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ആയിരം പേർക്ക് പ്രൊഫഷണൽ പരിശീലനം നൽകും.അഗ്‌നിരക്ഷാ സേനയ്ക്ക് കൂടുതൽ സഹായം നൽകാൻ കഴിയുന്ന 10,000 പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കുകയാണ് ലക്ഷ്യം. ഇവർക്കായി ഗം ബൂട്ട്, ഹെൽമെറ്റ് തുടങ്ങിയ വ്യക്തി സുരക്ഷാ ഉപകരണങ്ങളും, ആംബുലൻസ്, എം.ഇ.വി വാഹനങ്ങളും, ആശയവിനിമയത്തിനുള്ള സംവിധാനങ്ങളും ലഭ്യമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
Source link