KERALAM

യുവതിയെ കൊന്ന് കഷ്‌ണങ്ങളാക്കി ഫ്രിഡ്‌ജിൽ വച്ച സംഭവം; സുഹൃത്തായ ബാർബർ ഷോപ്പ് ജീവനക്കാരൻ കസ്റ്റഡിയിൽ

ബംഗളൂരു: അപ്പാർട്ട്‌മെന്റിലെ ഫ്രിഡ്‌ജിൽ നിന്നും യുവതിയുടെ മൃതദേഹം ലഭിച്ച സംഭവം അന്വേഷിക്കാൻ നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. കഴിഞ്ഞ ദിവസമാണ് മാളിലെ ജീവനക്കാരിയായ നെലമംഗല സ്വദേശി മഹാലക്ഷ്‌മിയുടെ (29) ശരീരഭാഗങ്ങൾ മുന്നേശ്വര ബ്ലോക്കിലെ അപ്പാർട്ട്‌മെന്റിൽ നിന്നും കണ്ടെത്തിയത്. ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് കുറച്ചുനാളായി ഇവർ ഒറ്റയ്‌ക്കാണ് താമസം.

അപ്പാർട്ട്‌മെന്റിൽ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയൽക്കാർ മഹാലക്ഷ്‌മിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് ഇവരെത്തി പരിശോധിച്ചപ്പോഴാണ് ഫ്രിഡ്‌ജിൽ നിന്നും ശരീരഭാഗങ്ങൾ ലഭിച്ചത്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം നടത്തുന്നത്.

മഹാലക്ഷ്‌മിയുമായി അടുത്ത ബന്ധമുള്ള എല്ലാവരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാൾ സ്വദേശിയും ബാർബർ ഷോപ്പ് ജീവനക്കാരനുമായ ഇവരുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ഇടയ്‌ക്കിടെ മഹാലക്ഷ്‌മിയെ കാണാൻ അപ്പാർട്ട്‌മെന്റിൽ എത്താറുണ്ടെന്ന് സമീപത്ത് താമസിക്കുന്നവർ മൊഴി നൽകിയിരുന്നു.

50 കഷ്‌ണങ്ങളാക്കി മുറിച്ച നിലയിലാണ് മൃതദേഹം ഫ്രിഡ്‌ജിൽ നിന്നും ലഭിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം അപ്പാർട്ട്‌മെന്റിലേക്ക് എത്തിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. അവിടെയെങ്ങും കൊലപാതകം നടന്നതിന്റെ രക്തക്കറയോ തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നതായോ കണ്ടെത്താൻ സാധിച്ചില്ല. മഹാലക്ഷ്‌മിയുടെ കിടക്കയ്‌ക്ക് സമീപം ഒരു സ്യൂട്ട്‌കേസ് ഉണ്ടായിരുന്നു. വിശദമായ വിവരങ്ങൾ കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്‌ത ശേഷമേ പറയാൻ സാധിക്കൂ എന്നും പൊലീസ് വ്യക്തമാക്കി.


Source link

Related Articles

Back to top button