രാജ്യത്തെ ആദ്യ വനിതാ സാമാജിക മേരിപുന്നൻ സ്ഥാനമേറ്റിട്ട് 100 വർഷം #നിയമസഭയിൽ ശതാബ്ദി ആഘോഷിക്കും

തിരുവനന്തപുരം:രാജ്യത്തെ ആദ്യ വനിതാ സാമാജികയായി ഡോ. മേരി പുന്നൻ ലൂക്കോസ് സ്ഥാനമേറ്റിട്ട് ഇന്ന് 100 വർഷം . തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലെ ആദ്യ വനിതാ പ്രതിനിധിയായി 1924 സെപ്തംബർ 23നാണ് സ്ഥാനമേറ്റത്.
ഒക്ടോബർ 4 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളന കാലയളവിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷം നടത്തും. സഭാ ടി.വി തയ്യാറാക്കിയ ‘ഡോ. മേരി പുന്നൻ ലൂക്കോസ്: ചരിത്രം പിറന്ന കൈകൾ’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും. റീജന്റ് മഹാറാണി സേതുലക്ഷ്മിബായിയുടെ കാലത്താണ് തിരുവിതാംകൂർ ലജിസ്ലേറ്റീവ് കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്തത്. ആരോഗ്യ വകുപ്പിനെയാണ് പ്രതിനിധീകരിച്ചത്. വിവിധ കാലയളവുകളിലായി ഏഴു തവണയാണ് നിയമനിർമ്മാണ സഭകളിലുണ്ടായിരുന്നത്. ശ്രീമൂലം പ്രജാസഭയിലും ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിലിലും അംഗമായിരുന്നു.
മെഡിക്കൽ പഠനം നിഷേധിച്ചു,
ലണ്ടനിൽ പോയി പഠിച്ചു
# ഇന്ത്യൻ സർവകലാശാലകൾ സ്ത്രീകൾക്ക് മെഡിക്കൽ പഠനത്തിന് പ്രവേശനം നൽകാത്തതിനാൽ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് എം.ബി.ബി.എസ് നേടിയത്. ഡബ്ലിനിലെ റൊട്ടുണ്ട ഹോസ്പിറ്റലിൽ നിന്ന് ഗൈനക്കോളജി ആൻഡ് ഒബ്‌സ്റ്റട്രിക്‌സിലും ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ നിന്ന് പീഡിയാട്രിക്‌സിലും പരിശീലനം നേടിയശേഷംഇന്ത്യയിലേക്ക് മടങ്ങി .തിരുവിതാംകൂറിലെ ആദ്യത്തെ മെഡിക്കൽ ബിരുദധാരിയും തിരുവിതാംകൂർ സ്റ്റേറ്റിലെ റോയൽ ഫിസിഷ്യനുമായിരുന്നു പിതാവ് ടി.ഇ പുന്നൻ.
# കേരളത്തിലെ ആദ്യ സിസേറിയൻ നടത്തിയ സർജൻ, തിരുവിതാംകൂർ ഡർബാർ ഫിസിഷ്യൻ , ഇന്ത്യയിലെ ആദ്യത്തെ വനിതാ സർജൻ , വൈദ്യബിരുദം നേടിയ ആദ്യ കേരള വനിത എന്നിങ്ങനെ ബഹുമതികൾ ഏറെയുണ്ട്. നാഗർകോവിലിലെ ക്ഷയരോഗ സാനിറ്റോറിയത്തിന്റെയും തിരുവനന്തപുരത്തെ എക്സ്-റേ ആൻഡ് റേഡിയം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സ്ഥാപകയാണ്. തിരുവിതാംകൂർ പ്രിൻസ്ലി സ്റ്റേറ്റിൽ ആരോഗ്യവകുപ്പ് മേധാവിയുമായിരുന്നു.തിരുവനന്തപുരം ഹോളി എയ്ഞ്ചൽസ് ഹൈസ്‌കൂളിൽ നിന്നും മെട്രിക്കുലേഷൻ പരീക്ഷയിൽ ഒന്നാമതായാണ് വിജയിച്ചത്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി.
# ജഡ്ജിയായിരുന്ന കുന്നുകുഴിയിൽ കെ.കെ ലൂക്കോസിനെ വിവാഹം കഴിച്ചു. 1975 ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു . തൊണ്ണൂറാം വയസിൽ 1976 ഒക്ടോബർ 2ന് അന്തരിച്ചു. സെക്രട്ടേറിയറ്റിനു വടക്കുവശത്തുള്ള പുന്നൻ ലൂക്കോസ് റോഡ് മേരിയുടെ സ്മരണാർത്ഥമാണ്.
Source link