നിയമസഭ സമ്മേളനം 4 മുതൽ, പ്രക്ഷുബ്ധമാകാൻ വിഷയങ്ങൾ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഒക്ടോബർ നാലിന് തുടക്കമാവും. നിയമനിർമ്മാണത്തിനാണ് പ്രധാനമായും സഭ ചേരുന്നത്. വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ചരമോപചാരം അർപ്പിച്ച് നാലിന് സഭ പിരിയും.തുടർന്ന് ഏഴു മുതൽ 18 വരെ ആകെ എട്ടുദിവസങ്ങളിലാവും സഭാസമ്മേളനം.
സമ്മേളനത്തെ പ്രക്ഷുബ്ധമാക്കാൻ ഏറെ വിഷയങ്ങളുണ്ട്. പി.വി.അൻവറിന്റെ വെളിപ്പെടുത്തൽ, എ.ഡി.ജി.പി എം.ആർ.അജിത്ത് കുമാറിനെ കൈവിടാതുള്ള സർക്കാർ നിലപാട്, ആർ.എസ്.എസ് നേതാവുമായുള്ള എ.ഡി.ജി.പിയുടെ കൂടിക്കാഴ്ച തുടങ്ങിയവ പ്രതിപക്ഷത്തിന്റെ ആയുധങ്ങളാണ്. അൻവറിനെ ശരിവച്ചുകൊണ്ടുള്ള മുസ്ലീം ലീഗ് നിലമ്പൂർ നേതൃത്വത്തിന്റെ നിലപാട് പ്രതിപക്ഷത്തിന് പ്രതിസന്ധിയുമാണ്.
7 മുതൽ 11 വരെ തുടർച്ചയായി സഭ ചേരും. 12 മുതൽ 15 വരെ അവധിയാണ്. 16,17, 18 തീയതികളിൽ സഭയുണ്ടാവും. എട്ടു ബില്ലുകൾ പരിഗണിക്കും. 11-ാം സമ്മേളനത്തിൽ അവതരിപ്പിച്ച് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ച 2023 ലെ കേരള പൊതുമേഖല ബിൽ, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി ഭേദഗതി ബിൽ, 2023ലെ കേരള കന്നുകാലി പ്രജനനബിൽ, കേരള പബ്ളിക് സർവീസ് കമ്മിഷൻ ഭേദഗതി ബിൽ, കേരള ജനറൽ സെയിൽസ് ടാക്സ് ഭേദഗതി ബിൽ, 2024 ലെ പ്രവാസി കേരളീയരുടെ ക്ഷേമഭേദഗതി ബിൽ, പേമെന്റ് ഒഫ് സാലറീസ് ആൻഡ് അലവൻസസ് ഭേദഗതി ബിൽ തടങ്ങിയവയാണ് പ്രധാന ബില്ലുകൾ.
നവരാത്രി പൂജകൾക്കിടയിലാണ് നിയമസഭ സമ്മേളനം വിളിച്ചുചേർക്കുന്നത്. ഉപധനാഭ്യർത്ഥനകൾക്കായും ഒരു ദിവസം മാറ്റിവയ്‌ക്കേണ്ടി വരും.
Source link