KERALAMLATEST NEWS

പൂരം: റിപ്പോർട്ട് അപ്രസക്തമെന്ന് വി.ഡി.സതീശൻ

കൊച്ചി: തൃശൂർ പൂരം കലക്കിയതിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കാളിയായ എ.ഡി.ജി.പി തയ്യാറാക്കി, ഗൂഢാലോചന അറിയാവുന്ന മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിന് പ്രസക്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൂരം കലക്കിയതിനെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആരോപണ വിധേയൻ അന്വേഷിച്ചെന്നതാണ് റിപ്പോർട്ട് പ്രഹസനമാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം. ഗൂഢാലോചന ഒളിപ്പിച്ചുവയ്ക്കുന്ന തത്രപ്പാടാണ് കാണുന്നത്. വിവാദമായപ്പോഴാണ് തട്ടിക്കൂട്ടി റിപ്പോർട്ട് നൽകിയത്. അന്വേഷണം നടത്തിയിട്ടില്ല. പൂരം കലക്കി ബി.ജെ.പിയെ ജയിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഗൂഢാലോചനയിൽ പങ്കുള്ളതിനാലാണ് ബി.ജെ.പി നേതാക്കൾ മിണ്ടാത്തത്. വിശ്വാസം, അമ്പലം എന്നൊക്കെ പറയുന്ന ബി.ജെ.പിയാണ് സി.പി.എമ്മുമായി ചേർന്ന് ഉത്സവം കലക്കിയത്. സി.പി.ഐയും ഘടകകക്ഷികളും പറഞ്ഞിട്ടും ആരോപണവിധേയരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. റിപ്പോർട്ട് പുറത്തു വന്നാൽ യു.ഡി.എഫ് നിയമപരമായ മാർഗങ്ങൾ തേടും.

പത്തോ ഇരുപതോ പത്രസമ്മേളനങ്ങളാണ് ഭരണകക്ഷി എം.എൽ.എ മുഖ്യമന്ത്രിക്കെതിരെ നടത്തിയത്. കള്ളക്കടത്തു വിഹിതം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് കിട്ടിയെന്ന് ആരോപിച്ചത് സി.പി.എം പിന്തുണയോടെ വിജയിച്ച എം.എൽ.എയാണ്.. സ്ഥലം വാങ്ങിയതും പണം വാങ്ങിയതും കെട്ടിടമുണ്ടാക്കിയതും ഉൾപ്പെടെ ആരോപണങ്ങളാണ് ഉയരുന്നത്. പാർട്ടിയിലുള്ളവർ പാർട്ടി അംഗമല്ലാത്ത എം.എൽ.എയ്ക്ക് ക്വട്ടേഷൻ നൽകി പറയിപ്പിക്കുന്നതാണ് ഇതെന്നും സതീശൻ പറഞ്ഞു.


Source link

Related Articles

Back to top button