സി.പി.ഐയെ സ്വാഗതം ചെയ്ത് കെ. സുധാകരൻ

കണ്ണൂർ: തെറ്റു തിരുത്തി പുറത്തുവന്നാൽ സി.പി.ഐയെ സ്വീകരിക്കുന്നത് ആലോചിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അഭിമാനവും അന്തസ്സും കളഞ്ഞുകുളിച്ച് പിണറായിയുടെ അടിമകളായി എൽ.ഡി.എഫിൽ തുടരണോയെന്ന് ആലോചിക്കണം. സ്വതന്ത്രമായി എന്തുകൊണ്ട് നിന്നുകൂട.
പൂരം മുടക്കിയതിലുൾപ്പെടെ വസ്തുതകൾ ജനം അറിയുന്നതിൽ മുഖ്യമന്ത്രിക്ക് താത്പര്യമില്ല. ആരോപണ വിധേയരെതന്നെ അന്വേഷണമേൽപ്പിക്കുന്ന തരത്തിൽ മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണ്. ഒരുഭാഗത്ത് എ.ഡി.ജി.പിക്കും അൻവറിനുമെതിരെ പറയുന്നു. മറുഭാഗത്ത് രണ്ടുപേരെയും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നു. അൻവർ പലതും മൂടിവച്ചാണ് സംസാരിക്കുന്നത്. എ.ഡി.ജി.പിയും അങ്ങനെ തന്നെ. ഇവരുടെ പ്രവൃത്തികളുടെ ഗുണഭോക്താവ് മുഖ്യമന്ത്രിയാണ്. ഇതിന്റെ പേരിൽ അൻവർ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുകയാണ്.
ആണും പെണ്ണും അല്ലാത്ത കോലത്തിലായ മുഖ്യമന്ത്രി നാടിന് അപമാനമാണ്. അൻവറിനെതിരെ നടപടിയെടുക്കാത്തത് മുഖ്യമന്ത്രിക്ക് ഭയമുള്ളതിനാലാണ്. ഒരുപാട് രഹസ്യങ്ങൾ പി. ശശിയുടെ കൈയിലുള്ളതിനാലാണ് ശശിയെ കെട്ടിപ്പേറി നടക്കേണ്ട ഗതികേട് മുഖ്യമന്ത്രിക്കു വന്നതെന്നും സുധാകരൻ ആരോപിച്ചു.


Source link
Exit mobile version