KERALAMLATEST NEWS

മദ്യനയം വൈകും,​ ഡ്രൈഡെ തുടരും

തിരുവനന്തപുരം: സാമ്പത്തിക വർഷം പകുതി ആയിട്ടും സർക്കാർ മദ്യനയം പ്രഖ്യാപിച്ചിട്ടില്ല. പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കള്ളുഷാപ്പുകളുടെ ലൈസൻസ് അടുത്ത മാർച്ച് 31 വരെ നീട്ടിനൽകാൻ കഴിഞ്ഞ മാസം സർക്കുലർ ഇറക്കുകയും ചെയ്തു. അടുത്ത മാസം നാലിന് നിയമസഭാസമ്മേളനം തുടങ്ങാനിരിക്കെ, മദ്യനയ പ്രഖ്യാപനം അതിനുമുമ്പുണ്ടാവാനുള്ള സാദ്ധ്യത കുറവാണ്.

ടൂറിസം മേഖലയിലെ മദ്യഷാപ്പുകളുടെ പ്രവർത്തനത്തിൽ വരുത്തേണ്ട ഇളവുകൾ, കള്ള് ഷാപ്പുകളുടെ ദുരപരിധി കുറയ്ക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ മദ്യനയത്തിൽ ഉൾപ്പെടേണ്ടതുണ്ട്. ടൂറിസം മേഖലകളിൽ വിദേശമദ്യ ശാലകളുടെ പ്രവർത്തനസമയം വർദ്ധിപ്പിക്കണമെന്നും ഒന്നാം തീയതിയിലെ ഡ്രൈഡെ ഒഴിവാക്കണമെന്നുമുള്ള ആവശ്യം ടൂറിസം വകുപ്പും ബന്ധപ്പെട്ട ചില സംഘടനകളും ഉന്നയിച്ചിരുന്നു. ബാറുടമകൾ, കള്ള് ഷാപ്പ് ലൈസൻസികൾ, ഡിസ്റ്റിലറി പ്രതിനിധികൾ, ടൂറിസം മേഖല പ്രതിനിധികൾ തുടങ്ങിയവരുമായി സർക്കാർ ഒന്നിലധികം തവണ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നയത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. മേൽപ്പറഞ്ഞ സംഘടനകളുടെ പ്രതിനിധികളുമായി ഒരു ചർച്ചകൂടി നടത്തിയാവും അന്തിമരൂപം നൽകുക.

ഒന്നാം തീയതിയിലെ ഡ്രൈഡെ ഒഴിവാക്കണമെന്ന ആവശ്യം കാലങ്ങളായി ബാറുടമകൾ ഉന്നയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബാറുടമകളുടെ സംഘടനാനേതാവ് പുറത്തുവിട്ട വാട്സ് ആപ്പ് സന്ദേശം വിവാദമായതോടെ സർക്കാർനിലപാട് അതിനെതിരാവുകയായിരുന്നു. മദ്യനയ രൂപീകരണം സംബന്ധിച്ച നടപടികൾ നീളാനും ഇതു കാരണമായി. ഡ്രൈഡെകളിൽ നിന്ന് കള്ള് ഷാപ്പുകളെ ഒഴിവാക്കണമെന്ന ഷാപ്പ് ലൈസൻസികളുടെ ആവശ്യവും തത്കാലം പരിഗണിക്കാൻ ഇടയില്ല. കള്ള് ചെത്തുന്നത് ഒരുദിവസവും മുടക്കാനാവില്ലെന്നും ഡ്രൈഡെയിൽ ഉത്പാദിപ്പിക്കുന്ന കള്ള് ഉപയോഗശൂന്യമാവുമെന്നുമാണ് ഷാപ്പ് ഉടമകൾ ചർച്ചയിൽ ചൂണ്ടിക്കാട്ടിയത്. കള്ള് ഷാപ്പുകളുടെ ദൂരപരിധി 400 മീറ്ററെന്നത് കുറയ്ക്കണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. ത്രീ സ്റ്റാർ,​ ഫോർ സ്റ്റാർ ബാറുകൾക്ക് 200 മീറ്ററും ഫൈവ് സ്റ്റാർ ബാറുകൾക്ക് 50 മീറ്ററുമാണ് ദൂരപരിധി.

മദ്യനയത്തിന്റെ ഏകദേശ രൂപം തയ്യാറായിട്ടുണ്ട്. ഇനി മന്ത്രിസഭ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നാൽ മതി. വൈകാതെ പ്രഖ്യാപിക്കും.

എം.ബി. രാജേഷ്

എക്സൈസ് മന്ത്രി


Source link

Related Articles

Back to top button