വാഷിംഗ്ടൺ: യുഎസിലെ അലബാമയിൽ നിശാകേന്ദ്രത്തിൽ നടന്ന കൂട്ടവെടിവയ്പിൽ നാലുപേർ കൊല്ലപ്പെട്ടു. അലബാമയിലെ ബിർമിംഗ്ഹാമിൽ നടന്ന അതിക്രമത്തിൽ 18 പേർക്കു പരിക്കേൽക്കുകയും ചെയ്തു. നഗരത്തിലെ ഫൈവ് പോയിന്റ് സൗത്ത് ഏരിയയിൽ ശനിയാഴ്ച അർധരാത്രിയോടെയാണ് തോക്കുധാരികൾ ആളുകൾക്ക് നേരേ നിറയൊഴിച്ചതെന്ന് പോലീസ് അറിയിച്ചു. ആരെയും അറസ്റ്റ്ചെയ്തിട്ടില്ല. കുറ്റവാളികളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്. രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. നാലാമത്തെയാൾ ആശുപത്രിയിൽവച്ചാണ് മരിച്ചത്. വെടിയേറ്റവരിൽ നാല് പേർക്കെങ്കിലും ഗുരുതരമായി പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ.
തോക്കുധാരികൾ ഇരകളുടെ അടുത്തേക്ക് വന്നത് നടന്നാണോ അതോ വാഹനമോടിച്ചാണോ എന്നത് അന്വേഷിക്കുകയാണെന്നും പ്രതികളെ പിടികൂടാനായില്ലെന്നും പോലീസ് പറയുന്നു. രാത്രി ജീവിതത്തിന് പേരുകേട്ടതാണ് ഫൈവ് പോയിന്റ്സ് സൗത്ത്. ഒട്ടേറെ ആളുകൾ വിനോദത്തിനായി എത്തുന്ന ഇടം കൂടിയാണിത്.
Source link