KERALAMLATEST NEWS

റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കേസ് 

കാസർകോട്: റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്തു ചീമേനി സ്വദേശിയിൽ നിന്നു 10.20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചീമേനിയിലെ വിജയൻ നൽകിയ പരാതി പ്രകാരം കണ്ണൂർ മക്രേരിയിലെ ലാൽചന്ദ്, ചൊക്ലിയിലെ കെ. ശശി, കൊല്ലം പുനലൂരിലെ ശരത് എസ്. ശിവൻ, ഇയാളുടെ ഭാര്യ എബി, പുനലൂരിലെ ഗീതാവാണി എന്നിവർക്കെതിരെയാണ് കേസ്.

ഹൈക്കോടതി അഭിഭാഷകനാണെന്നും ഡോക്ടറാണെന്നുമൊക്കെ പറഞ്ഞാണ് സംഘം ആൾക്കാരെ സമീപിച്ചിരുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കണ്ണൂർ, മക്രേരി സ്വദേശിയായ ഒരാളിൽ നിന്നും സംഘം സമാന രീതിയിൽ 10.20 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത ചക്കരക്കല്ല് പൊലീസ് എറണാകുളം, കടവന്ത്രയിലെ വാടകവീട്ടിൽ നടത്തിയ റെയ്‌ഡിൽ കൊല്ലം, കൊട്ടിയം സ്വദേശിനിയായ നിയ (28)യെ അറസ്റ്റു ചെയ്തിരുന്നു. നിയയെ ചോദ്യം ചെയ്‌തപ്പോഴാണ് പുനലൂർ സ്വദേശിയായ ശരത് എസ്. ശിവൻ, തിരുവനന്തപുരത്തെ ഗീതാവണി എന്നിവർ മറ്റൊരു തട്ടിപ്പു കേസിൽ റിമാൻഡിൽ കഴിയുന്ന വിവരം പൊലീസിനു ലഭിച്ചത്. ശരത് എസ്. ശിവൻ ചീമേനി പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലും പ്രതിയാണ്.

സംഘാംഗങ്ങൾക്കെതിരെ പയ്യന്നൂർ, പിണറായി പൊലീസ് സ്റ്റേഷനുകളിലും സമാന കേസുകളുള്ളതായി പൊലീസ് പറഞ്ഞു.


Source link

Related Articles

Back to top button