‘പറയുന്നതിൽ കൃത്യതയില്ല, സിനിമയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടത് അസോസിയേഷനോടാണ്’; വിമർശിച്ച് നിഖില വിമൽ
ഹേമാകമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയേണ്ടത് മാദ്ധ്യമങ്ങൾക്ക് മുന്നില്ലല്ലെന്ന് പ്രതികരിച്ച് നടി നിഖില വിമൽ. എല്ലാ വിഷയങ്ങളിലും അവരുടേതായ കാഴ്ചപ്പാടുണ്ടാകുന്നതാണ് പൊളിറ്റിക്സ് എന്നും താരം പറഞ്ഞു. പുതിയ ചിത്രമായ ‘കഥ ഇന്നുവരെ’യുടെ പ്രമോഷൻ പരിപാടിക്കിടെ അവതാരകന്റെ ചോദ്യത്തിനുളള മറുപടിയായിട്ടാണ് താരം പറഞ്ഞത്.
‘ഒരാളുടെ പൊളിറ്റിക്സ് രാഷ്ട്രീയം മാത്രമല്ല. എല്ലാ വിഷയങ്ങളിലും കാഴ്ചപ്പാടുണ്ടാകുക എന്നതാണ്. എല്ലാവർക്കും അത് ഉണ്ടാകും. മാദ്ധ്യമങ്ങൾ ഓരോ കാര്യങ്ങൾ ചോദിക്കുമ്പോഴാണ് ജനങ്ങളും അതിനെക്കുറിച്ച് ചിന്തിക്കുന്നത്. പല മാദ്ധ്യമങ്ങളും സിനിമയിലുളളവരെക്കുറിച്ച് പല കാര്യങ്ങളും ആരോപിക്കുന്നുണ്ട്. മിക്കവരും അതിൽ പ്രതികരിക്കുന്നില്ല. കാരണം അതിനെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കാൻ താൽപര്യമില്ലാത്തതുക്കൊണ്ടാണ്.
എന്റെ പ്രതികരണം കൂടെ പ്രവർത്തിക്കുന്ന ആളുകളോടോ അല്ലെങ്കിൽ അസോസിയേഷനോടാണ് പറയേണ്ടത്. അത് ഞാൻ ചെയ്തിട്ടുണ്ട്. പല കാര്യങ്ങളിലും ഞങ്ങൾക്കും എതിർപ്പുണ്ടാകും. അത് മാദ്ധ്യമങ്ങൾക്ക് മുൻപിലോ ജനങ്ങളുടെ മുൻപിലോ അല്ല പറയേണ്ടത്. ഇത്തരത്തിൽ ഉളള വാർത്തകൾ കാണുന്ന വ്യക്തി എന്ന നിലയിൽ എന്താണെന്ന് സത്യം എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. പറയുന്നത് സത്യമാണോയെന്ന് ആരും ഉറപ്പിച്ച് പറയുന്നില്ല. ജനങ്ങളിൽ സംശയമുണ്ടാക്കുകയാണ് മിക്കവരും ചെയ്യുന്നത്. കാര്യങ്ങൾ കൃത്യമായിട്ടാണ് പറയുന്നതെങ്കിൽ ജനങ്ങൾക്ക് സംശയമുണ്ടാകില്ല. നിങ്ങൾ അതല്ലല്ലോ ചെയ്യുന്നത്. അപ്പോൾ അതിലെ വാസ്തവം എന്താണെന്ന് അറിയാനാണ് ജനങ്ങൾ കാത്തിരിക്കുന്നത്’- നിഖില പ്രതികരിച്ചു.
Source link