വൃദ്ധൻ ജീവനൊടുക്കിയതിന് പിന്നിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ മാനസികപീഡനമെന്ന് പരാതി
ചേർത്തല : ലൈഫ് ഭവന പദ്ധതിയിലുൾപ്പെട്ട കയർ തൊഴിലാളി ജീവനൊടുക്കിയതിന് പിന്നിൽ പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് പരാതി.
പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 11ാം വാർഡ് മേനാശേരി ചൂപ്രത്ത് സിദ്ധാർത്ഥനാണ് (74) കഴിഞ്ഞ 18ന് വീട് നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച താത്കാലിക ഷെഡിൽ തൂങ്ങിമരിച്ചത്. സിദ്ധാർത്ഥന്റെ മരണത്തിന് കാരണക്കാരായ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ ജഗദമ്മ പട്ടണക്കാട് പൊലീസിൽ പരാതി നൽകി.
വീട് നിർമ്മാണാനുമതിക്കായി പഞ്ചായത്ത് ഓഫീസിലെത്തിയ സിദ്ധാർത്ഥനോടും ഭാര്യയോടും ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും ലൈഫ് ഭവന പദ്ധതി കരാർ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ഉദ്യോഗസ്ഥർക്കെതിരായ ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
താൻ വന്ന് നോക്കിയശേഷം മാത്രം വീടിന്റെ നിർമ്മാണം തുടങ്ങിയാൽ മതിയെന്ന് ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചിരുന്നു. ഉണ്ടായിരുന്ന വീടുപൊളിച്ച് ഷീറ്റു മേഞ്ഞ ഷെഡിലായിരുന്നു വൃദ്ധദമ്പതികൾ താമസിച്ചിരുന്നത്. സ്ഥലം വന്നു നോക്കാൻ നിരവധി തവണ ഇവർ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് മടക്കി അയച്ചു. രണ്ട് പെൺമക്കളുടെ വിവാഹത്തിന് ശേഷം സിദ്ധാർത്ഥനും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ താമസം.
ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ മറ്റു ഗുണഭോക്താക്കളും സമാനപരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണവകുപ്പു മന്ത്രിക്കും മന്ത്രി പി.പ്രസാദിനും പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പരിശോധന നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ജാസ്മിൻ അറിയിച്ചു.
ബാങ്ക് ക്രമക്കേട്: അബ്ദുൾ
സലാമിന്റെ മൊഴിയെടുത്ത് ഇ.ഡി
തൃശൂർ: തൃശൂർ ജില്ലാ സഹകരണബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റും കെ.പി.സി.സി അംഗവുമായ എം.കെ.അബ്ദുൾ സലാമിന്റെ കരുവന്നൂരിലെ വീട്ടിലെത്തി മൊഴിയെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കൊച്ചി റീജണൽ ഓഫീസിൽ നിന്നെത്തിയ ഏഴംഗ സംഘമാണ് അബ്ദുൾസലാം പ്രസിഡന്റായിരുന്ന 2013-2017 കാലത്തെ വായ്പാ ഇടപാടുകളെപ്പറ്റി മൂന്നാഴ്ച മുമ്പ് വിവരങ്ങൾ രേഖപ്പെടുത്തിയത്.
രാവിലെ എട്ടരയോടെ വീട്ടിലെത്തിയ സംഘം വൈകിട്ട് മൂന്നോടെയാണ് തിരികെപ്പോയത്. പ്രധാനമായും വായ്പാ വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. രേഖകൾ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. അബ്ദുൾസലാം പ്രസിഡന്റായിരുന്ന കാലത്തെ ചില മീറ്റിംഗ് മിനിട്സ് മാത്രമാണുണ്ടായിരുന്നത്. പരിശോധിച്ച് മൊഴിയെടുത്തതിന്റെ സ്റ്റേറ്റ്മെന്റ് അദ്ദേഹത്തിന് കൈമാറി. 143.42കോടിയുടെ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നെന്നാണ് ഇ.ഡിയുടെ പ്രാഥമിക നിഗമനം. ചട്ടങ്ങൾ മറികടന്ന് 46.5കോടി വിവിധ സ്ഥാപനങ്ങൾക്ക് അനുവദിച്ചു. അബ്ദുൾ സലാമും ബാങ്കുദ്യോഗസ്ഥരും വായ്പെടുത്ത സ്വകാര്യ സ്ഥാപനങ്ങളും ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ആക്ഷേപമുണ്ട്. വായ്പയെടുത്ത സ്ഥാപനങ്ങൾ വകമാറ്റി ചെലവഴിച്ചെന്നും ഇ.ഡി പറയുന്നു. പത്ത് കോടിയിലധികം കുടിശ്ശിക വരുത്തിയ ഏഴോളം സ്ഥാപനങ്ങളുണ്ട്.
Source link