കട്ടപ്പന :കട്ടപ്പനയിലെ ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ. ഇതറിയാതെ ഭക്ഷണം കഴിച്ച മുന്ന് വിദ്യാർത്ഥികൾ ആശുപത്രിയിലായി. കട്ടപ്പന പള്ളിക്കവലയിലെ ഒരു ഹോട്ടലിൽ നിന്ന് ചിക്കൻ കറിയും പൊറോട്ടയും കഴിച്ച വെള്ളാരംകുന്നിലെ മുന്ന് വിദ്യാർത്ഥികളെയാണ് ഭക്ഷ്യ വിഷബാധയെത്തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കട്ടപ്പന ഓസ്സാനം സ്വിമ്മിംഗ് അക്കാദമിയിൽ നീന്തൽ പരിശീലനത്തിന് ശേഷം പള്ളിക്കവലയിലെ ഹോട്ടലിൽ നിന്ന് ചിക്കൻ കറിയും പൊറോട്ടയും കഴിക്കുകയായിരുന്നു കുട്ടികൾ. ചിക്കൻ കറിയിൽ ധാരാളം ജീവനുള്ള പുഴുക്കളെ കണ്ടതിന് പിന്നാലെ കുട്ടികൾ ഛർദ്ദിച്ചു. തുടർന്ന് വയറു വേദനയും തളർച്ചും അനുഭവപ്പെട്ടതോടെ കുട്ടികളെ മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ നഗരസഭാ ആരോഗ്യവകുപ്പിന് പരാതി നൽകിയിട്ടുണ്ട്. ഭക്ഷണത്തിൽ നിന്ന് കുട്ടികളുടെ കൈകളിലേക്കും പുഴുക്കൾ കയറിയിരുന്നു.
കറിയിലും കഴിച്ചു കൊണ്ടിരുന്ന കൈയിലും നുരക്കുന്ന ധാരാളം പുഴുക്കളെ കണ്ടതിനെ തുടർന്ന് വിവരം ഹോട്ടൽ അധികൃതരെ കുട്ടികൾ തന്നെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടികൾക്ക് വയറുവേദന അനുഭവപ്പെട്ടതും ഛർദ്ദിച്ചതും. വിദ്യാർത്ഥികളുടെ ആരോഗ്യ നില നിരീക്ഷിച്ചു വരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്നും ഹോട്ടൽപൂട്ടിച്ചെന്നും നഗരസഭാ ആരോഗ്യവിഭാഗം അറിയിച്ചു. ചിക്കൻകറിക്ക് ആഴ്ചകളുടെ പഴക്കം ഉണ്ടായിരിക്കാമെന്നാണ് കരുതുന്നത്. സംഭവത്തെത്തുടർന്ന് പരിശോധന കർശനമാക്കാനുളള ശ്രമത്തിലാണ് അധികൃതർ.
Source link