# സി.പി.ഐയ്ക്കും വഴങ്ങില്ല
# വീണ്ടും വെല്ലുവിളിച്ച് അൻവർ
തിരുവനന്തപുരം: ആരോപണവിധേയരായ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെയും മാറ്റില്ലെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ ആവർത്തിച്ച മുഖ്യമന്ത്രി ഇരുവരെയും സംരക്ഷിക്കുന്ന നിലപാടിന് അടിവരയിട്ടു. സി.പി.ഐയുടെ രാഷ്ട്രീയ സമ്മർദ്ദം വർദ്ധിച്ച സാഹചര്യത്തിലാണ് പരസ്യപ്രഖ്യാപനം. ശശിക്കും അജിത്കുമാറിനും എതിരെ ആരോപണമുന്നയിച്ച ഇടതുമുന്നണി എം.എൽ.എ അൻവറിനെ പാടെ തള്ളി.
ആർ.എസ്.എസ് നേതാക്കളുമായി കൂടികാഴ്ച നടത്തിയ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന സി.പി.ഐയുടെ ആവശ്യം നിരാകരിച്ചു. ആരുപറഞ്ഞാലും ആരോപണമുന്നയിക്കപ്പെട്ടതിന്റെ പേരിൽ ആരെയും സ്ഥാനങ്ങളിൽ നിന്ന് മാറ്റില്ലെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ആരോപണങ്ങൾ പരിശോധിക്കും. റിപ്പോർട്ട് കിട്ടിയതിനുശേഷം ഉചിത നടപടി സ്വീകരിക്കും.അതേസമയം, പുഴുക്കുത്തുകൾക്കെതിരെ പേരാട്ടം തുടരുമെന്നും പി.ശശിക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നും അൻവർ വാർത്താസമ്മേളനം നടത്തി തുറന്നടിച്ചു.
അതേസമയം, പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് 24നകം കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെ ഇന്നലെ രാത്രി തന്നെ എ.ഡി.ജി.പി റിപ്പോർട്ട് സമർപ്പിച്ചു.
ശശിയുടേത് മാതൃകാ
പ്രവർത്തനം
1.പി.ശശി പാർട്ടി നിർദേശം അനുസരിച്ച് എന്റെ ഓഫീസിൽ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. ഒരു തരത്തിലുള്ള തെറ്റായ കാര്യവും അദ്ദേഹത്തിന്റെ പക്കലില്ല. ഉണ്ടെന്ന് ആരു പറഞ്ഞാലും അവജ്ഞയോടെ തള്ളിക്കളയും. ഒരു പരിശോധനയും ആവശ്യമില്ല. പരാതി അതേപടി സ്വീകരിച്ച് നടപടിയെടുക്കാനല്ല, നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനാണ് ശശി അവിടെ ഇരിക്കുന്നത്. അല്ലാത്ത നടപടി സ്വീകരിച്ചാൽ ശശിയല്ല മറ്റാർക്കും ആ ഓഫീസിൽ ഇരിക്കാനാകില്ല. നിയമപ്രകാരമല്ലാത്ത എന്തെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് ചെയ്തിട്ടുണ്ടാകില്ല.
2. ഒരു തരത്തിലുള്ള രാഷ്ട്രീയചർച്ചകൾക്കും പൊലീസിനെ നിയോഗിക്കുന്ന പതിവ് ഞങ്ങൾക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥൻ രാഷ്ട്രീയ, സംഘടനാ നേതാവിനെ കണ്ടിട്ടുണ്ടെങ്കിൽ, അത് ഔദ്യോഗിക കൃത്യനിർവ്വഹണത്തെ ബാധിക്കുന്നതെങ്കിൽ നിയമാനുസൃത നടപടിയുണ്ടാകും. അജിത്കുമാറിനെതിരെ ഉയർന്ന ആക്ഷേപങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട്. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് യുക്തമായ തീരുമാനം കൈക്കൊള്ളും.
3. പി.വി. അൻവർ ഇടതു പശ്ചാത്തലമുള്ള ആളല്ല. കോൺഗ്രസിൽ നിന്ന് വന്നതാണ്. സ്വർണ്ണക്കടത്തുകാരുടെ താൽപര്യം സംരക്ഷിക്കാനും പൊലീസിന്റെ മനോവീര്യം തകർക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. അൻവറിനെ കുറിച്ച് പരിശോധിക്കണമെന്ന് ഗവർണർ കത്തയച്ചിട്ടുണ്ട്. അത് ബന്ധപ്പെട്ടവർ പരിശോധിക്കും. കമ്മ്യൂണിസ്റ്റ് എം.എൽ.എ ആണെന്നുമുള്ള ബോധം അൻവറിനുണ്ടെങ്കിൽ പ്രശ്നം ആദ്യം പാർട്ടിയുടെയും മുഖ്യമന്ത്രി എന്ന നിലയിൽ എന്റെ ശ്രദ്ധയിലും പെടുത്തണമായിരുന്നു
പൊലീസിനെ നിർവീര്യമാക്കി
സ്വർണക്കടത്ത് മോഹിക്കേണ്ട
സ്വർണവും ഹവാല പണവും പിടികൂടുന്നതിൽ നിന്ന് പൊലീസിനെ മാറ്റണമെന്ന് ഉദ്ദേശിക്കുന്നവരുണ്ടെങ്കിൽ അവർക്ക് വഴങ്ങിക്കൊടുക്കില്ല. 2020മുതൽ സംസ്ഥാനത്താകെ 122.5 കോടി രൂപയുടെ ഹവാല പണം പിടികൂടിയതിൽ 87.22 കോടിയും മലപ്പുറത്ത് നിന്നാണ്. കരിപ്പൂർ വഴി വലിയ തോതിൽ സ്വർണവും ഹവാല പണവും വരുന്നു. ആരോപണം വന്നതിന്റെ പേരിൽ ഇനി കേരളത്തിൽ സ്വർണം പിടികൂടേണ്ടതില്ല എന്ന സമീപനം സ്വീകരിക്കാനാകില്ല. 2022മുതൽ ഇതുവരെ 147.79കി ലോഗ്രാം സ്വർണം പൊലീസ് പിടികൂടിയതിൽ 124.47കിലോഗ്രാമും മലപ്പുറത്തു നിന്നാണ്.
`പി.ശശി കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നയാളാണ്. ശശി ഉൾപ്പെടെ കൂടെയുളളവർ മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റിൽ ചാടിക്കുകയാണ്. മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണം.’
-പി.വി. അൻവർ
Source link