ജസ്റ്റിസ് ജാംധാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി : ഒടുവിൽ കേരളത്തിൽ ഉൾപ്പെടെ എട്ട് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസ് നിയമനത്തിൽ നടപടിയെടുത്ത് കേന്ദ്രസർക്കാർ. സുപ്രീംകോടതി കൊളീജിയം ശുപാർശ അംഗീകരിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി.
ബോംബെ ഹൈക്കോടതിയിലെ മുതിർന്ന ജഡ്‌ജി ജസ്റ്റിസ് നിതിൻ മധുകർ ജാംധാറാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്. മഹാരാഷ്ട്രയിലെ സോലാപൂരിൽ അഭിഭാഷക കുടുംബത്തിലാണ് ജസ്റ്റിസ് ജാംധാർ ജനിച്ചത്. 2012 ജനുവരി 23നാണ് ബോംബെ ഹൈക്കോടതി ജഡ്‌ജിയായത്.
കൊളീജിയം ശുപാർശകളിൽ കേന്ദ്രം അടയിരിക്കുന്നത് വിവാദമായിരുന്നു. ചില പേരുകളുമായി ബന്ധപ്പെട്ട് ‘സെൻസിറ്റീവ്’ വിവരങ്ങൾ പക്കലുണ്ടെന്ന് കേന്ദ്രം അറിയിച്ചതിനു പിന്നാലെ നിയമന ശുപാർശ കൊളീജിയം പരിഷ്‌കരിച്ചിരുന്നു. എന്നാൽ
ജസ്റ്റിസ് ജാംധാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന ശുപാർശയിൽ മാറ്റംവരുത്തിയിരുന്നില്ല.
ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം വൈകുന്നതിൽ ജാർഖണ്ഡ് സർക്കാർ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യഹർജി സമർപ്പിച്ചിരുന്നു. ഇന്നലെ ഇറക്കിയ വിജ്ഞാപനത്തിൽ, ഹിമാചൽ പ്രദേശ് ചീഫ് ജസ്റ്റിസ് എം.എസ്. രാമചന്ദ്ര റാവുവിനെ ജാർഖണ്ഡ് ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റണമെന്ന ശുപാർശയും കേന്ദ്രം അംഗീകരിച്ചു.
മറ്റു ചീഫ് ജസ്റ്റിസ്
നിയമനങ്ങൾ
ജസ്റ്റിസ് ഇന്ദ്ര പ്രസന്ന മുഖർജി: മേഘാലയ ഹൈക്കോടതി
ജസ്റ്റിസ് സുരേഷ് കുമാർ കൈത്: മദ്ധ്യപ്രദേശ് ഹൈക്കോടതി
ജസ്റ്റിസ് ടാഷി റബ്സ്റ്റാൻ: ജമ്മു കാശ്‌മീർ ലഡാക്ക്
ജസ്റ്റിസ് മൻമോഹൻ: ഡൽഹി ഹൈക്കോടതി
ജസ്റ്റിസ് രാജീവ് ശക്ധേർ: ഹിമാചൽ പ്രദേശ് ഹൈക്കോടതി
ജസ്റ്റിസ് കെ.ആർ. ശ്രീറാം: മദ്രാസ് ഹൈക്കോടതി
Source link