പി.എഫ്.ഐക്കാരുടെ സ്വത്ത് കൂട്ടത്തോടെ കണ്ടുകെട്ടി

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ വേരറുക്കാനുള്ള നീക്കത്തിൽ നിർണായക മുന്നേറ്റവുമായി ദേശീയ അന്വേഷണ ഏജൻസി.

തീവ്രവാദക്കേസും പാലക്കാട് ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള നാല്പതോളം പി.എഫ്.ഐ പ്രവർത്തകരുടെ സ്വത്തുക്കൾ കൂട്ടത്തോടെ കണ്ടുകെട്ടി. സംഘടനയുടെ സംസ്ഥാന ഭാരവാഹിയായിരുന്ന കരമന അഷ്റഫ് മൗലവിയുടെ വസ്തുവകകളും ഇതിലുൾപ്പെടുന്നു.

യു.എ.പി.എ നിയമം 33-ാം വകുപ്പനുസരിച്ച് എൻ.ഐ.എ സമർപ്പിച്ച അപേക്ഷയിൽ പ്രത്യേക കോടതി ഉത്തരവു പ്രകാരമാണ് കടുത്ത നടപടി. 25 പ്രതികളുടെ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

പി.എഫ്.ഐ പ്രവർത്തകർ തങ്ങളുടെ സ്വത്തുക്കളും അതിൽ നിന്നുള്ള വരുമാനവും ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് എൻ.ഐ.എ സംഘം കോടതിയിൽ വാദിച്ചു. കണ്ടുകെട്ടിയില്ലെങ്കിൽ വിചാരണ സമയത്ത് പ്രതികൾ ഇവ വിൽക്കാൻ സാദ്ധ്യതയുണ്ടെന്നും തെളിവുകൾ നശിപ്പിക്കാൻ ഇവ ഉപയോഗിക്കുമെന്നും ചൂണ്ടിക്കാട്ടി. അന്വേഷണ ഏജൻസി അധികാര ദുർവിനിയോഗം നടത്തുകയാണെന്ന പ്രതികളുടെ വാദം കോടതി തള്ളി.


Source link
Exit mobile version