ഇങ്ങനെ പോയാൽ സാധാരണക്കാർ‌ കഷ്ടപ്പെടും: അടുത്തമാസം രണ്ടാംവാരം മുതൽ റേഷൻ കടകളിൽ ക്ഷാമമുണ്ടാകും

കൊല്ലം: കരാർ തുക കുടി​ശ്ശി​കയി​ൽ തീർപ്പുണ്ടാക്കാത്തതി​നാൽ കരാറുകാർ നടത്തുന്ന നി​സ്സഹകരണ സമരം മൂലം, എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നു സപ്ലൈകോ ഗോഡൗണുകളിലേക്കുള്ള റേഷൻ ഭക്ഷ്യധാന്യങ്ങളുടെ നീക്കം സ്തംഭിച്ചു. ഒത്തുതീർപ്പായില്ലെങ്കി​ൽ അടുത്തമാസം രണ്ടാംവാരം മുതൽ റേഷൻ കടകളിൽ ക്ഷാമമുണ്ടാകും.

എല്ലാമാസവും ആദ്യ ആഴ്ചയിൽ തൊട്ടടുത്ത മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നു സപ്ലൈകോ ഗോഡൗണുകളിലേക്ക് കൊണ്ടുപോകുന്നതാണ്. എന്നാൽ ഈമാസം ഇതുവരെ ഒരു ലോഡ് പോലും പോയിട്ടില്ല. അനാഥാലയങ്ങൾ അടക്കമുള്ള സ്ഥാപനങ്ങൾക്കു മാത്രമാണ് വി​തരണമുണ്ടായത്. സാധാരണഗതി​യി​ൽ ജി​ല്ലയി​ൽ ദി​വസം 30 ലോഡ് വരെ സപ്ലൈകോ ഗോഡൗണുകളിൽ എത്തിയിരുന്നു.

വലിയൊരുവിഭാഗം കാർഡുടമകൾ ഓണം പ്രമാണിച്ച് ഈമാസം ആദ്യംതന്നെ റേഷൻവിഹിതം വാങ്ങിയിട്ടുണ്ട്. അതി​നാൽ റേഷൻകടകളിൽ മുൻമാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്റ്റോക്ക് കുറവാണ്. എഫ്.സി​.ഐ ഗോഡൗണുകളിൽ നിലവിലുള്ള സ്റ്റോക്ക് കൂടുതൽ വേഗത്തിൽ റേഷൻകടകൾക്ക് കൈമാറേണ്ടതുണ്ട്. അതുകൊണ്ട് സമരം നീണ്ടാൽ സപ്ലൈകോ ഗോഡൗണുകളിൽ ഈമാസം അവസാനത്തോടെ സ്റ്റോക്ക് കൂടുതൽ ഇടിയും. സപ്ളൈകോ ഗോഡൗണുകളി​ൽ നി​ന്ന് റേഷൻകടകളിലേക്കുള്ള ഭക്ഷ്യധാന്യ നീക്കത്തെ സമരം ബാധിച്ചിട്ടില്ല. വിതരണം 4 ഗോഡൗണുകളിൽ നിന്ന്

 കൊല്ലം, ആവണീശ്വരം, കരുനാഗപ്പള്ളി, കിളികൊല്ലൂർ

 ഒരു ദിവസം ശരാശരി 30 ലോഡുകൾ

 കൂടുതൽ വിതരണം കൊല്ലം ഗോഡൗണിൽ നിന്ന്

 സപ്ലൈകോയ്ക്ക് 12 ഗോഡൗണുകൾ

 ജില്ലയിലെ റേഷൻ കാർഡ് ഉടമകൾ 7,95,298


നിലവിലെ പ്രശ്നം ഈ മാസത്തെ റേഷൻ വിതരണത്തെ കാര്യമായി​ ബാധിക്കില്ല. തിങ്കളാഴ്ചയോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ

ജില്ലാ സപ്ലൈ ഓഫീസർ


Source link
Exit mobile version