ആർഎസ്എസ് -എഡിജിപി കൂടിക്കാഴ്ച: അജിത്തിനെ കൈവിടാതെ മുഖ്യമന്ത്രി, കൂടിക്കാഴ്ചയ്ക്ക് നിയോഗിച്ചിട്ടില്ലെന്ന് മറുപടി

തിരുവനന്തപുരം: ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എംആർ അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയൻ. എഡിജിപിക്കെതിരെ ഇപ്പോൾ നടപടിയില്ലെന്നും അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എഡിജിപിയുടെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ഉൾപ്പടെ തള്ളിയാണ് മുഖ്യമന്ത്രി വിവാദത്തിൽ പ്രതികരിച്ചത്.

എഡിജിപിക്കെതിരായ ആരോപണങ്ങൾ ഗൗരവതരമായി കാണുന്നു. അന്വേഷണ റിപ്പോർട്ടിന് ശേഷം മാത്രമായിരിക്കും തീരുമാനം. രാഷ്ട്രീയ ദൗത്യത്തിന് പൊലീസ് ഉദ്യോസ്ഥരെ നിയോഗിക്കുന്നത് ഞങ്ങളുടെ രീതിയല്ല. ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിച്ചിട്ടുണ്ടെങ്കിൽ നടപടി വരും. ഈ വിഷയത്തിൽ മുൻവിധിയില്ലാത്ത അന്വേഷണം നടക്കുന്നുണ്ട്’- മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ പൂർണരൂപം

എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് എന്റെ ഇടനിലക്കാരനായിട്ടാണ് എന്നാണല്ലോ പ്രതിപക്ഷ നേതാവിന്റെ ആരോപണം. തങ്ങളുടെ രാഷ്ടീയ താൽപര്യത്തിന് വേണ്ടിപോലീസുകാരെ പലതരം ഇടനിലകൾക്കായി ഉപയോഗിച്ചതിന്റെ മുൻകാല അനുഭവംവെച്ചാണോ അദ്ദേഹം ഈ ആരോപണം ഉന്നയിക്കുന്നത്. രാഷ്ട്രീയ ദൗത്യവുമായി പോലീസിനെ അയക്കുന്ന പരിപാടി ഞങ്ങളുടേതല്ല. വി ഡി സതീശൻ ആ പഴയ കാലം മറന്ന് തുടങ്ങിയെങ്കിൽ ചിലത് അദ്ദേഹം ഓർക്കേണ്ടതുണ്ട് എന്നാണ് തോന്നുന്നത്.

ജയറാം പടിക്കലിന്റെ ജീവചരിത്രം ( വെങ്ങാനൂർ ബാലകൃഷ്ണൻ എഴുതി മൈത്രി ബുക്ക്സ് പ്രസിദ്ധീകരിച്ചത് ) ആണ് എന്റെ കൈവശം ഉളളത്. ഇതിലെ പേജ് നമ്പർ 148 വായിക്കാം

ഡി. ജി. പി. പദവി സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന ജയറാം പടിക്കൽ 91ലെ പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ ഭയപ്പെടാൻ തുടങ്ങി. പ്രതീക്ഷിക്കും പോലെ ഇടതുപക്ഷജനാധിപത്യ മുന്നണി വിജയിച്ച് സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ തനിക്ക് ഡി. ജി. പി. ആകാൻ പറ്റില്ലെന്ന് അദ്ദേഹം കരുതി. അതു തടയാനായി മാർഗ്ഗങ്ങൾ ആരായുന്നതിനിടയിലാണ്, ചില മണ്ഡലങ്ങളിൽ ബി. ജെ. പി. സ്ഥാനാർത്ഥികളുടെ കടന്നുകയറ്റം ഐക്യമുന്നണിസ്ഥാനാർത്ഥികളുടെ പരാജയത്തിൽ കലാശിക്കുമെന്നും അതിനാൽ അവിടെ പൂർണ്ണമായും ഇടതു മുന്നണി സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും പടിക്കൽ അറിഞ്ഞത്. അതിൽ പരിഭ്രാന്തനായതിനിടയിലാണ് കരുണാകരനും ചില നീക്കുപോക്കുകളെക്കുറിച്ചു ആലോചിക്കുന്നതറിഞ്ഞത്.

എന്തായിരുന്നു ആ നീക്കുപോക്കുകൾ ? ഒന്നു വിശദമാക്കാമോ ? ചോദ്യം ഗ്രന്ഥകർത്താവായ വെങ്ങാന്നൂർ ബാലകൃഷ്ണന്റെതാണ്. അതിന് ജയറാം പടിക്കാലിന്റെ മറുപടി ഇങ്ങനെ:
‘1991 ലെ പൊതുതെരഞ്ഞെടുപ്പിൽ കേരളത്തിൽ യു. ഡി. എഫ്. പരാജയപ്പെട്ടേക്കുമെന്ന് കരുണാകരൻ ഭയപ്പെട്ടു. അതിൽ നിന്നും രക്ഷനേടാനായി കണ്ട എളുപ്പവഴിയാണ് ബി. ജെ. പി.യുമായുള്ള തെരെഞ്ഞെടുപ്പ് ബാന്ധവം. എന്നാൽ പരസ്യമായ ഒരു ബന്ധം കൂടാൻ ഇരു പാർട്ടിയിലെ നേതാക്കളാരും ഒരുക്കമായിരുന്നില്ല.

വടകര ബേപ്പൂർ ഫോർമുല’ എന്ന രഹസ്യപ്പേരിൽ അറിയപ്പെട്ട നീക്കമനുസരിച്ച് വടകര പാർലമെന്റ് മണ്ഡലത്തിലും ബേപ്പൂർ, മഞ്ചേശ്വരം, തിരുവനന്തപുരം ഈസ്റ്റ് എന്നീ അസംബ്ലി മണ്ഡലങ്ങളിലും കോൺഗ്രസുകാർ, ബി. ജെ. പി. സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യണമെന്നും മറ്റുള്ളിടങ്ങളിൽ ബി. ജെ. പി ക്കാർ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യണമെന്നും ധാരണയുണ്ടാക്കി. ബി. ജെ. പി. ഒരു നിയമസഭാ മെമ്പറെയെങ്കിലും ഉണ്ടാക്കിയെടുക്കാൻ അത് ഉപകരിക്കുമെന്ന് വിചാരിച്ചു. ഇതിന്റെ ആദ്യവട്ടം ചർച്ചകൾ നടക്കുന്നത് എന്റെ (ഇവിടെ എന്റെ എന്നാൽ എന്റെയല്ല, ജയറാം പടിക്കലിന്റെ) സാന്നിദ്ധ്യത്തിലായിരുന്നു. ഈ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ്, ബി. ജെ. പി. യെ പിൻതുണക്കാൻ തീരുമാനിച്ച മണ്ഡലങ്ങളിലാകട്ടെ പരാജയ പ്രതീക്ഷയുള്ളവരെയാണ് തങ്ങളുടെ സ്ഥാനാർത്ഥികളായി അവതരിപ്പിച്ചിരുന്നത്.


ഇനി അതിന് താഴത്തെ ഉന്ന് പാരഗ്രാഫ് കൂടി വായിക്കാം …ബി. ജെ. പി. യും കോൺഗ്രസുമായി കൂട്ടുകൂടിയാണെങ്കിൽക്കൂടി യു. ഡി. എഫ്. അധികാരത്തിൽ വന്നാൽ തനിക്ക് ഡി. ജി. പി. ആകാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നതു കൊണ്ടാണ് പടിക്കൽ ഈ അവിഹിതബന്ധത്തിന് ഇടനിലക്കാരനായി പ്രവർത്തിക്കാൻ തയ്യാറായത്.

കുപ്രസിദ്ധമായ കോ ലീ ബി സഖ്യത്തിന് ഇടനിലയും കാർമികത്വവും വഹിച്ചത് താൻ തന്നെയാണെന്ന് കെ കരുണാകരന്റെ ഏറ്റവും വിശ്വസ്തനായ പോലീസ് മേധാവി ജയറാം പടിക്കൽ ആണ് വെളിപ്പെടുത്തിയത്. ജയറാം പടിക്കൽ ജീവിച്ചിരുന്ന ഘട്ടത്തിലൊന്നും ഈ ആരോപണം അവാസ്തമാണെന്ന് പറയാൻ ആരും തയ്യാറായിട്ടില്ല. ഇന്നും വിപണിയിൽ ലഭ്യമായ ഈ പുസ്തകവും അതിലെ വെളിപ്പെടുത്തലും പച്ചയായ സത്യമായി മുന്നിലുളളപ്പോൾ ആണ് പ്രതിപക്ഷനേതാവ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാർട്ടിക്കും അതിന്റെ പഴയ നേതാവിനും ചേരുന്ന തൊപ്പി എന്റെ തലയിൽ ചാർത്താൻ നോക്കുന്നത്.സർക്കാർ ഇപ്പോൾ ഉയർന്നുവന്ന പ്രശ്നത്തെ ഗൗരവതരമായി തന്നെയാണ് കാണുന്നത് അജിത്ത് കുമാറിനെതിരെ ഉയർന്ന് വന്ന ആക്ഷേപങ്ങളെ പറ്റി അന്വേഷണം നടക്കുകയാണ്. അതിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് അതിൻമേൽ യുക്തമായി തീരുമാനം കൈകൊളളും.


എന്തായാലും ഒരുകാര്യം വ്യക്തമായി പറയാം: ഒരു തരത്തിലുള്ള രാഷ്ട്രീയ ചർച്ചകൾക്കും ഒരു പോലീസുദ്യോഗസ്ഥനെയും നിയോഗിക്കുന്ന പതിവ് ഞങ്ങൾക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥൻ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ സംഘടനാ നേതാവിനെയോ കണ്ടിട്ടുണ്ടെങ്കിൽ, അത് ഔദ്യോഗിക കൃത്യ നിർവ്വഹണത്തെ ബാധിക്കുന്ന തരത്തിലുള്ള കൂടിക്കാഴ്ചയാണെങ്കിൽ നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായ നടപടി ഉണ്ടാകും. അത് അന്വേഷണ റിപ്പോർട്ട് വന്ന ശേഷം ഉണ്ടാകേണ്ട തീരുമാനമാണ്.


Source link
Exit mobile version