തിരുവനന്തപുരം: സമൂഹത്തിലെ എല്ലാ കൊള്ളക്കാരെയും സാമൂഹ്യ വിരുദ്ധരെയും കള്ളക്കടത്തുകാരെയും സംരക്ഷിക്കുന്ന നിലയിലേക്ക് പിണറായി വിജയൻ ഭരണകൂടം മാറിയതായി മുഖ്യമന്ത്രിയുടെ ഇന്നത്തെ പത്രസമ്മേളനം വ്യക്തമാക്കുന്നതായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇന്നത്തെ പത്രസമ്മേളനത്തിലൂടെ രണ്ടു കാര്യങ്ങൾ വ്യക്തമാകുന്നു. ഒന്ന്, പി.വി അൻവർ തെറിക്കും. രണ്ട്, അന്വേഷണത്തിനു ശേഷം വരുന്ന റിപ്പോർട്ട് എഡിജിപി അജിത് കുമാറിന് അനുകൂലമായിരിക്കും. കാരണം മുഖ്യമന്ത്രി നേരിട്ടു സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒരു ഉദ്യോഗസ്ഥനെതിരെ റിപ്പോർട്ട് എഴുതാൻ ആർക്കും ധൈര്യമുണ്ടാവില്ല.
അൻവർ കോൺഗ്രസുകാരനാണെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്. നിലമ്പൂരിൽ രണ്ടു വട്ടം സ്ഥാനാർഥിയാക്കിയപ്പോൾ മുഖ്യമന്ത്രിക്ക് ഇക്കാര്യം ഓർമ്മയുണ്ടായിരുന്നില്ലേ.. ഇത്ര കാലവും കൊണ്ടു നടന്ന അൻവറിനെ ഇപ്പോൾ തള്ളിപ്പറയുന്നു. ഇനി പുറത്താക്കലാണ് അടുത്ത നടപടി. അതുടൻ പ്രതീക്ഷിക്കാം.
കൊള്ളക്കാരായ മുഴുവൻ പേരെയും സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. ഒരാൾ ആരോപണവിധേയനാണെങ്കിൽ അയാളെ മാറ്റിനിർത്തിയാണ് അന്വേഷണം നടത്തേണ്ടത്. അതിനു പകരം എഡിജിപിക്കു താഴെയുള്ള ഉദ്യോഗസ്ഥരെ തന്നെ അന്വേഷണം ഏൽപിച്ചു. ആർഎസ്എസ് നേതാക്കളെ എഡിജിപി സന്ദർശിച്ച വിഷയത്തിൽ മുഖ്യമന്ത്രി വെള്ളപൂശുന്നു. കാരണം മുഖ്യനു വേണ്ടിയാണ് കൂടിക്കാഴ്ച. ഇയാൾക്ക് സ്വർണക്കടത്തും കൊലപാതകത്തിലും പങ്കുണ്ടന്നു പറഞ്ഞ ഭരണകക്ഷി എംഎൽഎയെ തള്ളിപ്പറഞ്ഞ് എഡിജിപിയെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി.
തൃശൂർ പൂരം അന്വേഷണ ഉത്തരവ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും നമ്പർ മാത്രമായിരുന്നുവെന്ന് വ്യക്തമായിരിക്കുന്നു. ഒരാഴ്ചയ്ക്കുള്ളിൽ തീർക്കുമെന്ന് ഉറപ്പ് പറഞ്ഞതാണ് സർക്കാർ. അഞ്ചു മാസം കഴിഞ്ഞ് പൂരം കലക്കിയെന്ന് ആരോപണമുയർന്നപ്പോൾ 24 ന് റിപ്പോർട്ട് നൽകുമെന്നു പറയുന്നു. ആരെയാണ് ഈ മുഖ്യമന്ത്രി ഇങ്ങനെ കബളിപ്പിക്കാൻ ശ്രമിക്കുന്നത്. തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണം.
ദാവൂദ് ഇബ്രാഹിമിന്റെ ജോലി ചെയ്യുന്ന പൊളിറ്റിക്കൽ സെക്രട്ടറിയെ സംരക്ഷിക്കുന്നു. അന്വേഷിക്കുക പോലും ചെയ്യാതെയാണ് മുഖ്യമന്ത്രി ക്ലീൻ ചിറ്റ് കൊടുത്തത്. എഴുതിക്കൊടുത്താൽ അന്വേഷിക്കുമെന്നു പാർട്ടി സെക്രട്ടറി പറയുന്നതനുസരിച്ച് എഴുതിക്കൊടുത്തിട്ടും അന്വേഷണമില്ല.
ഇന്നത്തെ പത്രസമ്മേളനം ജനങ്ങളെ കബളിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള പാഴ് വേല മാത്രമാണ്. ഉയർന്നു വന്ന ഒരാരോപണത്തിനും മറുപടി പറയാതെ ന്യായീകരിക്കുകയും അത് പോലീസുകാരുടെ മനോവീര്യത്തെ കെടുത്താനുള്ള പദ്ധതിയാണെന്നും പറയുന്നു. പണ്ട് ശിവശങ്കറിനെതിരെ സ്പ്രിങ്ളർ ആരോപണം ഉയർത്തിയപ്പോൾ അന്നും ഇതേ മുഖ്യമന്ത്രി ന്യായീകരിച്ചത് ഐഎഎസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനാണ് എന്നായിരുന്നു. ഇപ്പോൾ ആശിവശങ്കരൻ എത്ര കാലമായി ജയിലിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഞങ്ങൾ ഉയർത്തിയ ആരോപണങ്ങൾ എല്ലാം ശരിയെന്നു തെളിഞ്ഞിരിക്കുന്നു.
മാധ്യമവേട്ടയാണ് കേരളത്തിലെ മുഖ്യമന്ത്രി ആ സ്ഥാനത്തിരുന്ന് നടത്തിയത്. അത് അങ്ങേയറ്റം അപലപനീയമാണ്. പിണറായി വിജയനെ പേടിച്ച് മാധ്യമങ്ങൾ വാമൂടിക്കെട്ടണം എന്നതിനോട് യോജിക്കാനില്ല. മാധ്യമങ്ങൾ നിർഭയം പ്രവർത്തനം തുടരും. ഇത് കേരളമാണ്.
സിപിഐ നേതാക്കൾക്ക് ഒരു വിലയിലുമില്ല എന്നു മുഖ്യമന്ത്രി വീണ്ടും വീണ്ടും തെളിയിക്കുന്നു. സുനിൽകുമാറിന്റെ വാക്കിന് പഴയ കീറച്ചാക്കിന്റെ വില പോലുമില്ല.
പ്ത്രസമ്മേളനത്തിൽ ജയറാം പടിക്കലിന്റെ കഥയൊന്നും പറഞ്ഞ് വഴിതിരിച്ചു വിട്ടിട്ടു കാര്യമില്ല. അതുപറയാനാണെങ്കിൽ അടിയന്തിരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞടുപ്പിൽ കെജി മാമാർ പിണറായിക്കു വേണ്ടി വോട്ടു പിടിച്ച കഥ പറയേണ്ടി വരും. പിണറായി വിജയന് അന്ന് ബിജെപി പിന്തുണ ലഭിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹം എംഎൽഎ പോലുമാവില്ലായിരുന്നു. അതൊന്നുമല്ല ഇവിടെ വിഷയം. മുഖ്യമന്ത്രി ആരോ എഴുതിക്കൊടുത്തത് നോക്കിവായിച്ചുകൊണ്ടിരിക്കുകയാണ്.
സാലറി ചലഞ്ചിനെ അട്ടിമറിക്കാൻ ഞാൻ പ്രതിപക്ഷനേതാവായിരുന്ന കാലത്ത് ശ്രമിച്ചതായി മുഖ്യമന്ത്രി ആരോപണമുയർത്തിക്കണ്ടു. പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടി വിഷയം മാറ്റിവിടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ബലമായി ശമ്പളം പിടിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ച ഘട്ടത്തിലാണ് ഇടപെടേണ്ടി വന്നത്. അതൊഴിച്ചാൽ പ്രളയത്തിലും എല്ലാ ദുരന്തങ്ങളിലും പ്രതിപക്ഷം സർക്കാരിനൊപ്പം തന്നെ നിന്നിട്ടുണ്ട്. വയനാട് ദുരന്തത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം ആദ്യം പ്രഖ്യാപിച്ചത് ഞാനാണ്. പക്ഷേ ഏതു ഫണ്ട് ദുരുപയോഗം ചെയ്യാൻ ശ്രമിച്ചാലും നോക്കി നിൽക്കില്ല. ശക്തമായി തന്നെ ഇടപെടും. മുഖ്യമന്ത്രിയുടെ ഫണ്ട് വെട്ടിച്ച നേതാക്കൾക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല എന്നോർക്കണം രമേശ് ചെന്നിത്തല പറഞ്ഞു.
Source link