ബെയ്റൂട്ട്: ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള കമാൻഡർ അമേരിക്ക തേടുന്ന കൊടുംകുറ്റവാളികളിലൊരാൾ. ഹിസ്ബുള്ളയുടെ ഉന്നത സൈനിക വിഭാഗമായ റദ്വാൻ ഫോഴ്സിന്റെ ആക്ടിംഗ് കമാൻഡർ ഇബ്രാഹിം അക്വിൽ (61) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർമാരിൽ രണ്ടാമനായ അക്വിൽ, 2008 മുതൽ ഹിസ്ബുള്ളയുടെ ജിഹാദ് കൗൺസിലിലെ അംഗവും റദ്വാൻ സേനയുടെ തലവനുമാണ്. ലബനനിലെ പേജർ, വോക്കി ടോക്കി സ്ഫോടനപരമ്പരകൾക്കു പിന്നാലെയായിരുന്നു ബെയ്റൂട്ടിന്റെ തെക്കൻ മേഖലയായ ദഹിയ ജില്ലയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. 2023ൽ അക്വിലിനെ അമേരിക്ക വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇയാളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യുന്നവർക്ക് ഏഴു ദശലക്ഷം ഡോളറാണ് യുഎസ് പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നത്. 1983ൽ ബെയ്റൂട്ടിലെ യുഎസ് എംബസിയിൽ ബോംബാക്രമണം നടത്തിയ സംഘത്തിന്റെ ഭാഗമായിരുന്നു അക്വിലെന്നാണ് അമേരിക്ക ആരോപിക്കുന്നത്.1980കളിൽ ലബനനിൽ അമേരിക്കൻ, ജർമൻ പൗരന്മാരെ ബന്ദികളാക്കാൻ അക്വിലാണ് നിർദേശം നൽകിയതെന്നും പറയുന്നു.
2015ൽ ഇയാളെ അമേരിക്ക ഭീകരനായും പിന്നീട് ആഗോള ഭീകരനായും പ്രഖ്യാപിച്ചു. ഇറാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളായിരുന്നു അക്വിൽ. ഇറാനിൽ മൂന്നുവർഷം സൈനിക പരിശീലനം ഇയാൾ നേടിയിട്ടുമുണ്ട്. ലെബനനിലും സിറിയയിലും നടന്ന എല്ലാ യുദ്ധങ്ങളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പേജർ സ്ഫോടന പരമ്പരയിൽ അക്വിലിനും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Source link