ഷാർജ: രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന്റെ ചരിത്രനേട്ടം. കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെതിരേ രണ്ടാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാൻ 177 റണ്‍സിന്റെ പടുകൂറ്റൻ ജയം സ്വന്തമാക്കി. ഇതോടെ മൂന്നു മത്സര പരന്പര അഫ്ഗാനിസ്ഥാൻ 2-0ന് ഉറപ്പാക്കി. സ്കോർ: അഫ്ഗാനിസ്ഥാൻ 311/4. ദക്ഷിണാഫ്രിക്ക 134 (34.2). ആദ്യ ഏകദിനം ആറു വിക്കറ്റിന് അഫ്ഗാനിസ്ഥാൻ ജയിച്ചിരുന്നു. ഐസിസി ഏകദിന റാങ്കിംഗിൽ അഞ്ചിനു മുകളിൽ സ്ഥാനമുള്ള ഒരു ടീമിനെതിരേ അഫ്ഗാനിസ്ഥാൻ പരന്പര സ്വന്തമാക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഏകദിന റാങ്കിംഗിൽ നിലവിൽ മൂന്നാം സ്ഥാനക്കാരാണ് ദക്ഷിണാഫ്രിക്ക. റഹ്മനുള്ള ഗുർബാസിന്റെ (105) സെഞ്ചുറിയും റഷീദ് ഖാന്റെ (5/19) അഞ്ചു വിക്കറ്റ് പ്രകടനവുമാണ് അഫ്ഗാനിസ്ഥാനു രണ്ടാം ഏകദിനത്തിൽ ജയമൊരുക്കിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയ്ക്കു മുന്‍പ് അഫ്ഗാനിസ്ഥാൻ 13 ഏകദിന പരന്പരകൾ നേടിയിട്ടുണ്ട്. സിംബാബ്വെ (5), അയർലൻഡ് (4), സ്കോട്ലൻഡ് (2), ബംഗ്ലാദേശ് (1), നെതർലൻഡ്സ് (1) ടീമുകൾക്കെതിരേയായിരുന്നു മുന്‍പത്തെ പരന്പര നേട്ടങ്ങൾ. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നേടിയത് (177 റണ്‍സ്) റണ്‍ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണ്. ജന്മദിനത്തിലായിരുന്നു റഷീദ് ഖാന്റെ അഞ്ചു വിക്കറ്റ് നേട്ടം. ജന്മദിനത്തിൽ രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ അഞ്ചു വിക്കറ്റ് നേടുന്ന ആദ്യതാരമാണ് റഷീദ് ഖാൻ. പ്ലെയർ ഓഫ് ദ മാച്ചും റഷീദ് ഖാനാണ്.
Source link