കൊച്ചി: മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ് (95) അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, ഇടതുമുന്നണി കൺവീനർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, 1980 – 1984 കാലയലവിൽ ഇടുക്കിയിൽ നിന്നുള്ള ലോക്‌സഭാംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ 22 മാസം തടവിലായിരുന്നു. അടിയന്തരാവസ്ഥക്കാലത്തുൾപ്പെടെ വ്യത്യസ്ത കാലങ്ങളിലായി ആറുവർഷം കൂടി ജയിൽവാസമനുഷ്‌ഠിച്ചു. തൊട്ടിത്തൊഴിലാളി, തുറമുഖതൊഴിലാളി, ട്രാൻസ്പോർട്ട് മർച്ചന്റ് ഷിപ്പിംഗ് തൊഴിലാളി തുടങ്ങി നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായിരുന്നു.
എറണാകുളം ജില്ലയിൽ മുളവുകാട് മാടമാക്കൽ അവിരാ മാത്തുവിന്റെയും മംഗലത്ത് മറിയത്തിന്റെയും മകനായി 1929 ജൂൺ 15നാണ് അദ്ദേഹം ജനിച്ചത്. സ്വാതന്ത്രസമരം നടക്കുന്ന കാലത്ത് ത്രിവർണപതാക ഷർട്ടിന്റെ പോക്കറ്റിൽ കുത്തി സ്കൂളിൽ പോയതിന് സെന്റ് ആൽബർട്ട്സ് സ്കൂളിൽ നിന്ന് പുറത്താക്കി.
പിന്നീട് എറണാകുളം മുനവിറുൽ ഇസ്ലാം സ്കൂളിലാണ് പഠനം തുടർന്നത്. പത്താം ക്ലാസിൽ ഔപചാരിക വിദ്യാഭ്യാസം നിർത്തി അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായി. കൊച്ചി സ്റ്റേറ്റ് വിദ്യാർത്ഥി ഫെഡറേഷൻ സെക്രട്ടറിയായിരുന്നു.1946ൽ കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ അംഗമായി.
ഭാര്യ പരേതയായ ബേബി. മക്കൾ: അഡ്വ. എംഎൽ സജീവൻ, സുജാത, അഡ്വ. എംഎൽ അബി, ആശ ലോറൻസ്. സ്വാതന്ത്ര്യ സമര പോരാളിയും പ്രസിദ്ധ സാഹിത്യകാരനുമായിരുന്ന അന്തരിച്ച എബ്രഹാം മാടാമാക്കൽ ലോറൻസിന്റെ ജ്യേഷ്‌ഠനാണ്.
Source link