മലയാളികൾ പുകയ്‌ക്കുന്ന സിഗരറ്റുകളിൽ ഭൂരിഭാഗവും വ്യാജൻ; തിരിച്ചറിയാൻ ഒരൊറ്റ മാർഗം
ആലപ്പുഴ : ജില്ലയുടെ വിവിധഭാഗങ്ങളിൽ ചെറുകിട കച്ചവടക്കാരുടെ ഒത്താശയോടെ വ്യാജ സിഗരറ്റുകൾ സുലഭമായി വിറ്റഴിക്കപ്പെടുന്നതായി വിവരം. യഥാർത്ഥ സിഗരറ്റ് വിറ്റാൽ കച്ചവടക്കാരന് ലഭിക്കുന്നത് ഒരു രൂപ ലാഭമാണെങ്കിൽ, വ്യാജനെ വിറ്റാൽ നാല് രൂപ പോക്കറ്റിലെത്തും. ഒറിജിനലിനെ വെല്ലുന്ന പാക്കിങ്ങോടെ എത്തുന്ന വ്യാജസിഗരറ്റുകൾ തിരിച്ചറിയാൻ പ്രയാസമാണ്.
മുൻകാലങ്ങളിൽ വ്യാജസിഗരറ്റുകളും, വിദേശ സിഗരറ്റുകളും വിവിധ കടകളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും അടുത്ത കാലത്തായി വ്യാജന്മാർ എക്സൈസിന്റെ വലയിൽ കുടുങ്ങിയിട്ടില്ല. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന തിരിച്ചറിവോടെയാണ് സിഗരറ്റ് വലിക്കുന്നതെങ്കിലും, വലിച്ചുകയറ്റുന്നതിലേറെയും വ്യാജനാണെന്ന് പല ഉപഭോക്താക്കളും തിരിച്ചറിയാറില്ല. ആലപ്പുഴ നഗരത്തിലെ കടകളിൽ വ്യാജസിഗരറ്റുകൾ എത്തിക്കുന്നതിന് സ്ഥിരം ഏജന്റ് പ്രവർത്തിക്കുന്നതായാണ് വിവരം.
ഇവ കൂടാതെ ആലുവാ മാർക്കറ്റിൽ നിന്നുള്ള വിദേശസിഗരറ്റുകളും ജില്ലയിൽ സുലഭമായി വിറ്റഴിക്കപ്പെടുന്നുണ്ട്. അടുത്തിടെ കൊച്ചിയിൽ കസ്റ്റംസ് നടത്തിയ റെയ്ഡിൽ കമ്പോഡിയയിൽ നിന്നെത്തിച്ച വ്യാജ സിഗരറ്റിന്റെ വൻ ശേഖരം പിടികൂടിയിരുന്നു.
ഒറ്റനോട്ടത്തിൽ തിരിച്ചറിയില്ല
സിഗരറ്റ് പാക്കറ്റിലെ എഴുത്ത് രീതിയിലെ വ്യത്യാസം സൂക്ഷ്മപരിശോധനയിൽ തിരിച്ചറിയാം
പക്ഷേ പലരും ഒന്നോ രണ്ടോ സിഗരറ്റായി വാങ്ങുമ്പോൾ പാക്കറ്റ് നോക്കാറില്ല
സിഗരറ്റിന്റെ നിറത്തിലും കട്ടിയിലും വ്യാത്യസമുണ്ടെങ്കിലും പെട്ടെന്ന് തിരിച്ചറിയാനാവില്ല
സിഗരറ്റിനുള്ളിൽ നിറയ്ക്കുന്നത് താഴ്ന്ന നിലവാരത്തിലുള്ള പുകയിലയോ പുകയില ചണ്ടിയോ ആകും
സാധാരണ സിഗരറ്റിനെക്കാൾ വേഗത്തിൽ കത്തി തീരും. ചുണ്ടിൽ വയ്ക്കുന്ന ബഡ്ഡിന് തീരെ കനക്കുറവ്
നാളുകളായി ആലപ്പുഴയിലെ വിപണിയിൽ വ്യാജ സിഗരറ്റുകൾ വിലസുന്നുണ്ട്. പല കടകളിലും യഥാർത്ഥ സിഗരറ്റ് കിട്ടാനില്ല. പരിശോധന അനിവാര്യമാണ് – പേരു വെളിപ്പെടുത്താത്ത ഉപഭോക്താവ്
സംസ്ഥാനത്ത് പലയിടങ്ങളിലും വിദേശ സിഗരറ്റുകൾ ഉൾപ്പടെ പിടിച്ചെടുത്തിട്ടുണ്ട്. ആലപ്പുഴയിൽ വ്യാജ സിഗരറ്റുണ്ടെന്ന വിവരം ലഭിച്ചാൽ ഉടനടി നടപടിയുണ്ടാകും
– ജയരാജ്, എക്സൈസ് ഡെപ്യുട്ടി കമ്മീഷണർ
Source link