‘ആഴ്ചയിൽ അഞ്ച് ദിവസം ജോലി, തൊഴിലിടങ്ങളിലെ മനുഷ്യത്വമില്ലായ്മയ്ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും’; പുതിയ ആശയവുമായി ശശിതരൂർ
തിരുവനന്തപുരം: അമിതജോലിഭാരം കാരണം യുവ ചാർട്ടഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യൻ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ശശിതരൂർ എംപി. ആഴ്ചയിൽ 40 മണിക്കൂർ ജോലി എന്ന നിർദ്ദേശവുമായാണ് അദ്ദേഹം സോഷ്യൽമീഡിയയിൽ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. ദിവസം എട്ട് മണിക്കൂർ വീതം ആഴ്ചയിൽ അഞ്ച് ദിവസം ജോലി എന്ന ആശയവും ശശിതരൂർ മുന്നോട്ടുവയ്ക്കുന്നുണ്ട്.
‘അന്നയുടെ അച്ഛൻ സിബി ജോസഫുമായുള്ള സംഭാഷണം ഹൃദയഭേദകമായിരുന്നു. ദിവസേന 14 മണിക്കൂർ വീതം നാല് മാസം തുടർച്ചയായി സമ്മർദം നിറഞ്ഞ ജോലിക്ക് പിന്നാലെയാണ് യുവതിയുടെ മരണം. ഏത് മേഖലയിലെ തൊഴിലിടങ്ങളിലും നിശ്ചിത സമയ ജോലി സംബന്ധിച്ച് നിയമനിർമാണം നടത്തണമെന്നും ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കണമെന്നും അന്നയുടെ പിതാവ് ആവശ്യപ്പെട്ടു. താൻ അത് സമ്മതിച്ചിട്ടുണ്ട്. തൊഴിലിടങ്ങളിലെ മനുഷ്യത്വമില്ലായ്മയ്ക്ക് കടുത്ത ശിക്ഷയും പിഴയും നൽകാൻ നിയമനിർമ്മാണം നടത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ആദ്യ അവസരത്തിൽ തന്നെ ഇക്കാര്യം ഉന്നയിക്കും’- അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
അന്നയുടെ മാതാവ് അനിത അഗസ്റ്റിൻ എണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ ചെയർമാനെഴുതിയ ഹൃദയഭേദകമായ കത്ത് ദേശീയ മാദ്ധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു. ഇതോടെയാണ് യുവതിയുടെ മരണത്തിൽ അന്വേഷണം നടത്താൻ കേന്ദ്രസർക്കാർ ഉത്തരവിട്ടത്. മകളുടെ അവസ്ഥ മറ്റാർക്കും ഉണ്ടാകാതിരിക്കാനാണ് ചെയർമാന് കത്തെഴുതിയതെന്നാണ് അന്നയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
ഇതിനിടെ തൊഴിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട് കമ്പനിയിലെ ഒരു ജീവനക്കാരി ചെയർമാന് അയച്ച ഈമെയിൽ സന്ദേശം പുറത്തുവന്നു. നസീറ കാസി എന്ന യുവതിയുടെ സന്ദേശമാണ് പുറത്തായത്. ആഭ്യന്തര സമിതിക്ക് മുന്നിൽ പരാതി അറിയിച്ചാൽ പ്രതികാര നടപടികൾ ഉണ്ടാകാറുണ്ട്. ഇനിയൊരു അന്ന ഉണ്ടാകും മുൻപ് നടപടി വേണമെന്ന് ജീവനക്കാരി ആവശ്യപ്പെട്ടു.
Source link