മലപ്പുറം: താൻ ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചെന്ന് നിലമ്പൂരിലെ ഇടത് എംഎൽഎ പി വി അൻവർ. താൻ ആരോപണം ഉന്നയിച്ചത് പൊലീസിലെ വളരെ കുറച്ച് ഉദ്യോഗസ്ഥർക്കെതിരെയാണ്. പൊലീസിൽ നല്ല ഉദ്യോഗസ്ഥരാണ് ഭൂരിഭാഗവും. രാജ്യത്തിന് ആകെ മാതൃകയാണ് കേരളത്തിലെ പൊലീസ്. മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശം കൊടുക്കുന്നവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടേയിരിക്കുകയാണെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘സുജിത്ത് ദാസിന്റെ ഫോൺ ചോർത്തിയത് ചെറ്റത്തരമാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷേ അത് പുറത്തുവിടാതെ രക്ഷയില്ലായിരുന്നു. മുഴുവൻ ഫോൺ സംഭാഷണവും പുറത്തുവിട്ടിട്ടില്ല. അതുകൂടി പുറത്തുവിട്ടാൽ ഈ പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യം വഷളാകും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ പുനഃപരിശോധിക്കണം. തെറ്റിദ്ധാരണ മാറുമ്പോൾ മുഖ്യമന്ത്രിയുടെ നിലപാടിലും മാറ്റം വരും. തെളിവുണ്ടായിട്ടും എല്ലാം തിരയുകയാണ്. തിരയട്ടെ, നമുക്ക് നോക്കാം.
സ്വർണക്കടത്ത് കേസിലെ പ്രതികളെ മഹത്വവൽക്കരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതും അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണ്. രാജ്യം അനുശാസിക്കുന്ന നിയമം അനുസരിച്ച് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിന് വിവരം ലഭിച്ചാൽ ഉടനെ കസ്റ്റംസിനെ അറിയിക്കണം. സ്വർണക്കടത്ത് പിടിക്കേണ്ടത് കസ്റ്റംസാണ്. എന്നാൽ കസ്റ്റംസിനെ ഒരു കേസും അറിയിച്ചിട്ടില്ല. ഞാൻ തെളിവ് കൊടുക്കാൻ പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതുവരെ എഡിജിപിയെ മാറ്റാത്തത് കൊണ്ട് ആരും മുന്നോട്ടുവരുന്നില്ല. കള്ളക്കടത്തിന്റെ പങ്ക് പി ശശി പറ്റുന്നുണ്ടോയെന്ന് അന്വേഷിക്കണം’,- അൻവർ പറഞ്ഞു.
Source link