KERALAM

14ാം വയസ്സില്‍ നാടകരംഗത്തും 17ാം വയസില്‍ വെള്ളിത്തിരയിലും അരങ്ങേറി; വിവാഹം കഴിച്ചത് ചലച്ചിത്ര നിര്‍മാതാവിനെ

കൊച്ചി: 1945ല്‍ പത്തനംതിട്ട ജില്ലയിലെ കവിയൂരിലാണ് പൊന്നമ്മയുടെ ജനനം. ടി.പി ദാമോദരന്‍, ഗൗരി എന്നിവരുടെ ഏഴ് മക്കളിലെ ആദ്യത്തെ കുട്ടിയായിരുന്നു അവര്‍. വിഖ്യാത നാടകാചാര്യന്‍ തോപ്പില്‍ ഭാസിയുടെ നാടകങ്ങളിലൂടെയാണ് അവര്‍ ശ്രദ്ധേയയായത്. 14ാം വയസിലാണ് നാടകരംഗത്ത് അരങ്ങേറിയത്. വളരെ ചെറുപ്പം മുതല്‍ സംഗീതം അഭ്യസിച്ച് തുടങ്ങിയ കവിയൂര്‍ പൊന്നമ്മ നാടക രംഗത്തെ പിന്നണി ഗായികയായും മികവ് കാണിച്ചു. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെയാണ് കവിയൂര്‍ പൊന്നമ്മയെന്ന അഭിനേത്രി ശ്രദ്ധപിടിച്ചുപറ്റുന്നത്.

17ാം വയസില്‍ ശ്രീരാമ പട്ടാഭിഷേകം എന്ന ചിത്രത്തിലെ മണ്ഡോദരിയുടെ വേഷത്തിലൂടെയാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം. നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങള്‍ നടിയെ തേടിയെത്തി. 1971,1972,1973 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായും പിന്നീട് 1994ലും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം നേടിയത് കവിയൂര്‍ പൊന്നമ്മയായിരുന്നു.


തൊമ്മന്റെ മക്കള്‍ (1965) എന്ന സിനിമയില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ടു. 2022ല്‍ പുറത്തിറങ്ങിയ ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അവസാനമായി കവിയൂര്‍ പൊന്നമ്മ അഭിനയിച്ചത്. ചലച്ചിത്ര നിര്‍മാതാവ് മണിസ്വാമിയെയാണ് കവിയൂര്‍ പൊന്നമ്മ വിവാഹം ചെയ്തത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ബിന്ദുവാണ് ഏക മകള്‍. മരുമകന്‍ വെങ്കട്ടറാം (യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് മിഷിഗനില്‍ പ്രഫസര്‍). 2011ല്‍ ഭര്‍ത്താവ് മണിസ്വാമി മരണപ്പെട്ടിരുന്നു. അന്തരിച്ച നടി കവിയൂര്‍ രേണുക സഹോദരിമാരില്‍ ഒരാളാണ്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.കുറച്ച് നാളായി സിനിമയില്‍ നിന്നും അകന്നുകഴിയുകയായിരുന്നു കവിയൂര്‍ പൊന്നമ്മ. കരിമാളൂരിലെ വസതിയില്‍ വിശ്രമജീവിതത്തിലായിരുന്നു. ഏകദേശം 700ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button